കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി കൊച്ചിയിൽ അറസ്റ്റിൽ. എറണാകുളം ബ്രോഡ്‌വേയിലെ വ്യാപാരിയും എളമക്കര സ്വദേശിയുമായ വി.ഇ സിറാജിനെയാണ് ഡിആർഐ സംഘം അറസ്റ്റ് ചെയ്തത്. രാജ്യാന്തര സ്വർണക്കടത്ത് സംഘത്തിലെ പ്രധാനകണ്ണിയാണ് സിറാജ്.
പെരുമ്പാവൂർ സ്വദേശികൾ നടത്തിയ 1500 കോടി രൂപയുടെ സ്വർണക്കടത്ത് കേസിലാണ് സിറാജിനെ പിടികൂടിയത്. എളമക്കരയിലെ വീട്ടിൽ നിന്നുമാണ് സിറാജിനെ പിടികൂടുന്നത്. കേസിൽ അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഗൾഫിലേക്ക് കടന്ന സിറാജ് കോയമ്പത്തൂർ വിമാനത്താവളം വഴിയാണ് നാട്ടിലെത്തിയത്. പിന്തുടർന്ന് എത്തിയ ഡിആർഐ സംഘം സിറാജ് വീട്ടിലെത്തിയപ്പോൾ പിടികൂടുകയായിരുന്നു.
പെരുമ്പാവൂർ സ്വദേശി നിസാർ അലിയാരുടെ നേതൃത്വത്തിൽ നടക്കുന്ന സ്വർണക്കടത്തിൽ സിറാജ് വൻ നിക്ഷേപം നടത്തിയതായി ഡിആർഐ കണ്ടെത്തിയിരുന്നു. എറണാകുളം ബ്രോഡ്‌വേയിലെ ക്രസന്റ് എന്ന സ്ഥാപനം മറയാക്കിയാണ് സ്വർണക്കടത്തിനുള്ള സാമ്പത്തിക ഇടപാടുകൾ സിറാജ് നടത്തിയിരുന്നത്.
2017 ജനുവരി മുതൽ കഴിഞ്ഞ വർഷം മാർച്ച് വരെ 1473 കോടി രൂപയുടെ 4522 കിലോ സ്വർണം പെരുമ്പാവൂർ സ്വദേശികൾ ഗൾഫിൽ നിന്നും കടത്തിയതായി ഡിആർഐ റിപ്പോർട്ട് ചെയ്യുന്നു. ഈ കേസിൽ പതിനാറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: