കൊല്‍ക്കത്ത: ഹോളി ആര്‍ട്ടിസാന്‍ കഫെ ബോബാക്രമണക്കേസില്‍ ബംഗ്ലാദേശ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ച ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) നേതാവ് മുഹമ്മദ് സലാവുദ്ദീന്‍ എന്ന സലേഹാന്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഒളിച്ചിരിക്കുന്നത് പശ്ചിമ ബംഗാളിലെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ബുദ്ധവാനിലെ ഖഗ്രഖണ്ഡ്, ബോധ് ഗയ എന്നിവിടങ്ങളിലെ സ്ഫോടനത്തിലും സലാവുദ്ദീന് വളരെ അടുത്ത ബന്ധമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.
ജമാത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെഎംബി) എന്ന ഭീകരവാദ സംഘടനയില്‍ വ്യക്തികളെ റിക്രൂട്ട് ചെയ്യാനായി തമിഴ്നാട്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലെ ബംഗാളി സംസാരിക്കുന്ന തൊഴിലാളികള്‍ക്കിടയില്‍ സലാവുദ്ദീന്‍ പ്രവര്‍ത്തിച്ചിരുന്നു. ഖഗ്രഖണ്ഡ് സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ജാഹിദുല്‍ ഇസ്ലാമിനെ 2018 ആഗസ്റ്റില്‍ ബെംഗളൂരുവില്‍ എന്‍ഐഎ പ്രത്യേക സംഘം പിടിക്കൂടി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സലാവുദ്ദീന്റെ പ്രവര്‍ത്തനങ്ങളുടെ വിവരം ലഭിച്ചത്തെന്ന് എന്‍ഐഎ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്തുള്ള കൂച്ച് ബെഹാര്‍, നോര്‍ത്ത് ദിനാജ്പൂര്‍, മാല്‍ഡ, മുര്‍ഷിദാബാദ്, നാദിയ ഗ്രാമങ്ങളില്‍ സലാവുദ്ദീന്‍ ഒളിച്ചിരിക്കുന്നതായി എന്‍ഐഎ പ്രത്യേക സംഘം അറിഞ്ഞു. കൂച്ച് ബെഹാറിലെ ഗിതല്‍ദാഹ ഗ്രാമത്തില്‍ സലാവുദ്ദീന്‍ മത അധ്യാപകനായിയാണ് കഴിഞ്ഞിരുന്നത്. വിവരത്തെ തുടര്‍ന്ന് സംഘം സ്ഥലത്തെത്തിയെങ്ങിലും ഇയാള്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് മുര്‍ഷിദാബാദ് ജില്ലയിലെ മുകിംനഗര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരന്‍ താമസിച്ചിരുന്നത്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രതി കടന്നുകളഞ്ഞെങ്ങിലും കൂച്ച് ബെഹാറിലെ ചംഗ്രബന്ധ ഗ്രാമത്തില്‍ നിന്ന് സലാവുദ്ദീന്റെ കൂട്ടാളിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു.
സൗദി അറേബ്യയില്‍ സ്ഥിരതാമസമാക്കിയ ബംഗ്ലാദേശി ബിസിനസുകാരനാണ് ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിന് ജെഎംബിക്ക് ധനസഹായം നല്‍കുന്നത്. ഒണിയന്‍ ബ്രൗസര്‍ ഉപയോഗിച്ചാണ് ഇവര്‍ അശയ വിനിമയം നടത്തുന്നത്തെന്നും എന്‍ഐഎ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: