കൊറോണ വൈറസ് ബാധയ്ക്കെതിരെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഒരു രോഗം ആഗോളവ്യാപകമായി പടരാന്‍ സാധ്യതയുള്ളതായി കാണുമ്പോഴാണ് ഇങ്ങനെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോംഗോയില്‍ എബോള വൈറസ് പടര്‍ന്നുപിടിച്ചപ്പോഴും ഇത്തരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിന് മുമ്പ് 2015ലും 2016ലും സിക്ക വൈറസ് ബാധയുണ്ടായപ്പോഴും 2014ല്‍ പോളിയോ ബാധയുണ്ടായപ്പോഴും 2009ല്‍ പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോഴും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയില്‍ നിന്ന് സ്വന്തം നാടുകളിലേക്ക് മടങ്ങിയവരിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് കൊറോണ വൈറസ് ബാധിച്ചേക്കാനുള്ള സാധ്യത മനസ്സിലാക്കിയാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. വുഹാനില്‍ നിന്ന് പുറപ്പെട്ട കൊറോണ വൈറസ് ഇതിനകം പതിനെട്ട് രാജ്യങ്ങളിലായി പതിനായിരത്തോളം പേര്‍ക്ക് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ മാത്രമേ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ചൈനയില്‍ 213 പേരാണ് ഇതിനകം മരിച്ചത്.
ഇന്ത്യയില്‍ സ്ഥിരീകരിക്കപ്പെട്ട ആദ്യത്തെ കൊറോണ വൈറസ് ബാധ കേരളത്തിലാണ്. ചൈനയില്‍ പഠിക്കാന്‍ പോയ തൃശ്ശൂര്‍ക്കാരിയായ വിദ്യാര്‍ത്ഥിനിയിലാണ് വൈറസ് ബാധ. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ധാരാളം വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് വിദേശനാടുകളില്‍ പോകുന്ന സംസ്ഥാനമെന്ന നിലയില്‍ ചൈനയില്‍ നിന്ന് വൈറസ് വാഹകരായി മലയാളികള്‍ നാട്ടിലെത്താനുള്ള സാധ്യത കൂടുതലാണ്. ഇന്ത്യയിലൊട്ടാകെ നിരീക്ഷണത്തിലുള്ള അയ്യായിരത്തോളം പേരില്‍ 49 പേരുടെ രക്തസാമ്പിളുകളാണ് ഇതുവരെ പൂനെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധിച്ചത്. അതില്‍ ഒരാള്‍ക്കാണ് വൈറസ് ബാധയുണ്ടെന്ന് തെളിഞ്ഞത്. നിരീക്ഷണത്തില്‍ കഴിയുന്ന നിരവധി പേരുടെ പരിശോധനാ ഫലം വരാനിരിക്കെ ഇനിയും എത്ര പേര് വൈറസ് ബാധിതരാണെന്ന ആശങ്കയുയരുന്നു.
വൈറസ് ബാധിതയെന്ന് സ്ഥിരീകരിക്കപ്പെട്ട പെണ്‍കുട്ടി സ്വയം ചികിത്സ തേടിയിരുന്നില്ല. ചൈനയില്‍ നിന്ന് തിരിച്ചെത്തിയതാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്തി പരിശോധനയ്ക്ക് വിധേയയാക്കുകയായിരുന്നു. ഇതുപോലുള്ള ഒരു മഹാവിപത്തിനെ നേരിടാനുള്ള സാമൂഹ്യബോധം കേരളത്തിലേതു പോലുള്ള പരിഷ്കൃത സമൂഹത്തിന് ഇനിയും കൈവന്നിട്ടില്ലേ എന്ന് സംശയിച്ചുപോകുകയാണ്. ചൈനയില്‍ നിന്ന് എത്തിയവരെ തേടിപ്പിടിച്ച് ആശുപത്രികളിലെത്തിക്കേണ്ട സാഹചര്യം ഇനി ഉണ്ടാവരുത്. സ്വയം പരിശോധനയ്ക്ക് വിധേയരാകാനും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചതു പ്രകാരം 28 ദിവസത്തേക്ക് മറ്റുള്ളവരില്‍ നിന്ന് അകന്ന് ജീവിക്കാനും അവര്‍ തയാറാകണം.
നാട്ടുകാരും സര്‍ക്കാര്‍ സംവിധാനവും ഒരുപോലെ ജാഗരൂകരാകേണ്ട സമയമാണിത്. ചൈനയില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തുന്നവര്‍ ഇപ്പോള്‍ നേരെ വീടുകളിലേക്കാണ് പോകുന്നത്. അതേസമയം, ചൈനയില്‍ നിന്നെത്തുന്നവരെ അമരിക്കയില്‍ വിമാനത്താവളത്തില്‍ നിന്ന് നേരെ സൈനികകേന്ദ്രങ്ങളിലെത്തിച്ച് അവിടെ നിരീക്ഷണ വിധേയമാക്കുകയാണ് ചെയ്യുന്നത്. ഈ സംവിധാനം വൈറസ് ബാധയുള്ളവരുണ്ടെങ്കില്‍ അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സഹായകമാകും. ഇന്ന് പുലര്‍ച്ചെ പ്രത്യേക വിമാനത്തില്‍ ചൈനയില്‍ നിന്ന് പ്രത്യേക വിമാനത്തിലെത്തുന്ന മുന്നൂറോളം ഇന്ത്യക്കാരെ ഹരിയാനയിലെ മാനേസറില്‍ ഒരുക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തില്‍ എത്തിക്കാനുള്ള ഭാരത സര്‍ക്കാരിന്റെ തീരുമാനം സമുചിതമാണ്. വൈറസ് ബാധയുള്ളതായി സംശയമുള്ളവരും നിരീക്ഷണത്തില്‍ കഴിയുന്നവരും പൊതുചടങ്ങുകളില്‍ നിന്നൊഴിഞ്ഞു നില്‍ക്കേണ്ടത് അനിവാര്യമാണ്. വൈറസ് ബാധ സംശയമുള്ളവരില്‍ ചിലരെങ്കിലും സ്വകാര്യ ആശുപത്രികളെ സമീപിക്കുമെന്നതിനാല്‍ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാരിന്റെ ശ്രദ്ധ പതിയേണ്ടതും ആവശ്യമാണ്.
കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള 30 രാജ്യങ്ങളില്‍ ഇരുപത്തിമൂന്നാം സ്ഥാനത്താണ് ഇന്ത്യ. ചൈനയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് എത്താന്‍ സാധ്യതയുള്ള യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക് തയാറാക്കിയിട്ടുള്ളത്. എന്നാല്‍ വലിയ പ്രതിസന്ധികളെ അതിജീവിച്ചതാണ് കേരളം. രണ്ട് പ്രളയങ്ങളെ നാം ഒത്തുചേര്‍ന്ന് നേരിട്ടിട്ട് അധിക നാളായില്ല. നിപ വൈറസിനെ നേരിട്ടതും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടാണ്. ഏത് മഹാമാരിയെയും ചെറുത്തുതോല്പിക്കാനുള്ള ഇച്ഛാശക്തി ഈ സമൂഹത്തിനുണ്ടെന്നത് തെളിയിക്കപ്പെട്ട കാര്യമാണ്.
സമൂഹ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകളും ഭയപ്പെടുത്തലുകളും വിവേചനാപൂര്‍വ്വം തിരിച്ചറിയാനും തള്ളേണ്ടവയെ തള്ളാനും ജനങ്ങള്‍ തയാറാവണം. അത്തരം വ്യാജ പോസ്റ്റുകളിടുന്നവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുക്കണം. ഭയക്കാതെ, ഭയപ്പെടുത്താതെ, അതേസമയം ജാഗ്രതയോടെ ഈ മാരക വൈറസിനെ നമുക്ക് നേരിടാം. സര്‍ക്കാരും ഭരണസംവിധാനവും ജാഗ്രതയോടെയും കാര്യക്ഷമതയോടെയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കണം. ജനങ്ങള്‍ വിവേകവും പൗര ബോധവും കാണിക്കേണ്ട സമയം കൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: