ശ്രീനഗര്‍: ജമ്മു കശ്മീര്‍ നഗ്രോട്ടയില്‍ സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സൈന്യം വധിച്ചു ഏറ്റുമുട്ടലില്‍ ഒരു ജവാനും പ്രാദേശിക പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.
ദേശീയപാതയിലെ ടോള്‍ പ്ലാസയ്‌ക്ക് സമീപത്തായി ട്രക്കില്‍ ഒളിച്ചിരുന്ന് ഭീകരര്‍ സുരക്ഷാ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഭീകരര്‍ സൂരക്ഷാ സൈന്യത്തിനു നേരെ വെടിയുതിര്‍ത്തത്. മൂന്ന് പേരാണ് ട്രക്കില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ രക്ഷപ്പട്ട് തൊട്ടടുത്ത കാട്ടിലേക്ക് ഓടിപ്പോയെങ്കിലും സൈന്യം ഇവരെ പിന്തുടര്‍ന്ന് വധിച്ചു.
ട്രക്കിലുണ്ടായിരുന്ന മൂന്നു പേരേയും വധിച്ചതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു. നിര്‍ത്തിവച്ചിരുന്ന പ്രദേശത്തെ വാഹന ഗതാഗതം സൈന്യം പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സമീപ പ്രദേശങ്ങളിലും മറ്റും ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി തെരച്ചില്‍ നടത്തി വരികയാണ്.
















