കണ്ണൂര്‍: ഒരു നിബന്ധനയുമില്ലാതെ എല്ലാ വിദേശികളെയും ഉള്‍ക്കൊള്ളാന്‍ തയാറാണെന്ന രീതിയിലുള്ള കേരള സര്‍ക്കാരിന്റെ നിലപാടിന്റെ ബലത്തില്‍ പൗരത്വമില്ലാത്ത അന്യരാജ്യക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറുന്നതായി സൂചന. ഇതു സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചു.
ദേശീയ പൗരത്വ പട്ടിക വന്നാല്‍ അതില്‍ നിന്ന് പുറത്താകുമെന്നുറപ്പായവരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുടിയേറുന്നത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കവെ സംസ്ഥാന സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരല്ലാത്ത അന്യരാജ്യക്കാര്ക്കെതിരെ നടപടിയെടുക്കില്ലെന്ന് പറഞ്ഞിരുന്നു. ഈ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് ഇതര സംസ്ഥാനക്കാര്‍ക്കൊപ്പം ജോലിക്കായും മറ്റും ഇത്തരക്കാര്‍ വരുന്നത്. വടക്കന്‍ ജില്ലകളിലടക്കം ഇത്തരത്തില്‍ നിരവധി പേര് എത്തുന്നതായി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയതായി അറിയുന്നു.
ആസാമില്‍ രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വ പട്ടികയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും ബംഗ്ലാദേശില്‍ നിന്നെത്തിയവരാണ്. ആസാമില്‍ സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവര്‍ക്ക് ഭാരതീയരാണെന്ന് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ ഇല്ലാത്തതാണ് കേരളത്തിലേക്ക് പലായനത്തിന് പ്രേരിപ്പിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമെതിരെ സ്വീകരിക്കുന്ന നിലപാടുകളാണ് ഇവരെ കേരളത്തിലേക്ക് വരാന്‍ പ്രേരിപ്പിക്കുന്നത്. മലബാറില്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇത്തരക്കാര്‍ എത്തിയിട്ടുണ്ടെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: