ന്യൂദല്‍ഹി: കൊറോണാ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി വിദേശകാര്യ മന്ത്രാലയവും ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയും അറിയിച്ചു. ആദ്യ വിമാനം ഇന്ന് പുറപ്പെടും. രണ്ടു വിമാനങ്ങളിലായി മുഴുവന്‍ പേരെയും ദല്‍ഹിയിലെത്തിക്കാനാണ് തീരുമാനം. ഇവരെ മൂന്നാഴ്ചയോളം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കൂ.
വുഹാന്‍ പ്രവിശ്യയിലുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരുമായും എംബസി ബന്ധപ്പെട്ടതായും ചൈനീസ് അനുമതി കാത്തുനില്‍ക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വുഹാനിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. ബീജിങ്ങിലെ എംബസിയാണ് ഇക്കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത്. അറുനൂറോളം ഇന്ത്യന്‍ പൗരന്മാര് സ്വദേശത്തേക്ക് മടങ്ങാനുള്ള സന്നദ്ധത അറിയിച്ചു. ഇവരെ വിമാനത്താവളത്തിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും സജ്ജീകരിച്ചു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ഇന്ത്യക്കാരുമായും എംബസി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങണമെന്നുണ്ടെങ്കില്‍ ക്രമീകരണങ്ങളൊരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ സഹായങ്ങളും ചൈനീസ് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.
കേരളത്തില്‍ മടങ്ങിയെത്തിയ വുഹാന്‍ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച വിവരത്തില്‍ ചൈനീസ് അധികൃതര്‍ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്ന് ദല്‍ഹിയിലെ ചൈനീസ് എംബസി വക്താവ് അറിയിച്ചു. റഷ്യ അടക്കമുള്ള അയല്‍രാജ്യങ്ങളെല്ലാം ചൈനീസ് അതിര്‍ത്തി അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: