ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. എല്ലാ വിഷയങ്ങളിലും സമഗ്ര ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചകള്‍ക്കായി അദ്ദേഹം പ്രതിപക്ഷ കക്ഷികളെ ക്ഷണിച്ചു. ഇന്ന് രാവിലെ 11ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് ഔപചാരിക തുടക്കമാവുന്നത്. അതിന് ശേഷം സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ വയ്ക്കും.
സാമ്പത്തിക വിഷയങ്ങളിലടക്കം സമഗ്ര ചര്‍ച്ച നടക്കണമെന്ന നിലപാട് പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ മുന്നോട്ട് വച്ചതായി കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളെ അറിയിച്ചു. എല്ലാ കക്ഷികളും ഇതംഗീകരിച്ചതായി പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും 26 പാര്‍ട്ടികളുടെ പ്രതിനിധികള്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ മോചിപ്പിക്കണമെന്നും അദ്ദേഹത്തിന് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് യോഗത്തില്‍ ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പതിവുപോലെ ബഹളമുയര്‍ത്തി മാധ്യമശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമം തന്നെയാവും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്നുറപ്പാണ്. നടപ്പ് സമ്മേളനത്തില്‍ നാല്‍പ്പത്തഞ്ചോളം ബില്ലുകളാണ് സര്‍ക്കാര്‍ ഇരുസഭകളിലുമായി അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ഏഴെണ്ണം ധനബില്ലുകളും രണ്ടെണ്ണം ഓര്‍ഡിനന്‍സുകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: