ടോക്കിയോ: ദിവസങ്ങള്‍ക്കുമുന്‍പാണ് തന്റെ സ്വപ്‌ന പദ്ധതിയായ ചന്ദ്രയാത്രയില്‍ കൂട്ടിന് തനിക്കൊരു സ്ത്രീ സുഹൃത്തിനെ വേണമെന്ന് പ്രഖ്യാപനം കൊണ്ടാണ് ജപ്പാന്‍കാരനായ യുസാകു മെയ്‌സാവ എന്ന കോടീശ്വരന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നത്. 2023 ല്‍ ആസൂത്രണം ചെയ്ത ഈ ദൗത്യം 1972 ന് ശേഷം മനുഷ്യരുടെ ആദ്യത്തെ ചാന്ദ്ര യാത്രയായിരിക്കുമെന്നും. ഈ യാത്രയില്‍ ഒരു ‘പ്രത്യേക’ സ്ത്രീയുമായി അനുഭവം പങ്കിടാന്‍ ആഗ്രഹിക്കുന്നു എന്നാണ് ട്വീറ്റില്‍ ഇയാള്‍ പരസ്യം ചെയ്തിരുന്നത്. എന്നാലിപ്പോള്‍ യുസാകു ട്വിറ്ററിലൂടെ തന്റെ തീരുമാനം മാറ്റിയ വിവരം വളരെ ദുഃഖത്തോടെ അറിയിച്ചിരിക്കുകയാണ്.
വളരെ ആഗ്രഹത്തോടുള്ള ധൈര്യവതികളായ 27,722 സ്ത്രീകളുടെ അപേക്ഷ തനിക്ക് ലഭിച്ചുവെന്നും അവരുടെ വിലയേറിയ സമയം പാഴാക്കിയതിന് താന്‍ ക്ഷമ ചോദിക്കുകയാണെന്നും യുസാകു പറഞ്ഞു. ഇക്കാര്യം എല്ലാവരെയും അറിയിക്കുന്നതിലും തനിക്ക് അതിയായ ദുഃഖമുണ്ടെന്നും യുസാകുവ്യക്തമാക്കി.
മുന്‍ കാമുകിയും നടിയുമായ ഇരുപത്തിയേഴുകാരി അയാം ഗോരികിയുമായി അടുത്തിടെയാണ് ഇയാള്‍ വേര്‍പിരിഞ്ഞത്. ഇതിനുപിന്നാലെയായിരുന്നു പരസ്യവുമായി രംഗത്ത് വന്നത്. വലിയ നിബന്ധനകളാണ് ഇയാള്‍ പരസ്യത്തില്‍ കൊടുത്തിരുന്നത്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം, 20 വയസ്സിനു മുകളില്‍ പ്രായമുള്ളവരാകണം, എല്ലായ്‌പ്പോഴും പോസിറ്റീവായിരിക്കണം, ബഹിരാകാശത്തേക്ക് പോകാന്‍ താല്‍പ്പര്യമുള്ളവരായിരിക്കണം തുടങ്ങി നിബന്ധനകളുടെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു.
















