തിരുവനന്തപുരം: അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് തസ്തികയുടെ അനുപാതവും യോഗ്യതയും പരിഷ്കരിച്ചതോടെ വകുപ്പ് ജീവനക്കാരുടെ ഭാവി അവതാളത്തില്‍. വീണ്ടും പരിഷ്കരിച്ച് ഉത്തരവ് വന്നതോടെ സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക് നിലവില്‍ സ്ഥാനക്കയറ്റം ലഭിക്കില്ലെന്ന് ഉറപ്പായി. എംഎസ്ഡബ്ല്യു, എംഎ പേഴ്സണല്‍ മാനേജ്മെന്റ്, എല്‍എല്‍ബി ഇവയിലേതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് മാത്രം സ്ഥാനക്കയറ്റം നല്കിയാല് മതിയെന്നാണ് വരാന്‍ പോകുന്ന പുതിയ ചട്ടം. വകുപ്പില്‍ സര്‍ക്കാര്‍ പറയുന്ന യോഗ്യത നേടിയ ആരും ഇപ്പോഴില്ല. അതിനാല്‍, നിലവിലെ ജീവനക്കാര്‍ക്ക് സീനിയോറിറ്റി വഴി ലഭിക്കുന്നതുള്‍പ്പെടെയുള്ള സ്ഥാനക്കയറ്റമില്ലാതാക്കും. സ്പെഷ്യല്‍ റൂളിന്റെ കരട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ലേബര്‍ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ സംവിധാനം വരുന്നതോടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ട്, ജൂനിയര്‍ സൂപ്രണ്ട് തസ്തികകളിലേക്കും ക്ലാര്‍ക്കുമാര്‍ സീനിയര്‍ ക്ലാര്ക്കാകുന്നതോടെയുണ്ടാകുന്ന 10 ഒഴിവുകളില്‍ ഒന്നിലേക്ക് ഒരു ഓഫീസ് അറ്റന്‍ഡന്റിന് ക്ലാര്‍ക്കായും സ്ഥാനക്കയറ്റം ലഭിക്കും. ജൂനിയര്‍ സൂപ്രണ്ട് തസ്തികയില്‍ 2045 വരെ 70 വിരമിക്കല്‍ ഒഴിവുകള്‍ മാത്രമാണുണ്ടാകുന്നത്. എന്നാല്‍, അസിസ്റ്റന്റ് ലേബര്‍ ഓഫിസര്‍ ഗ്രേഡ്-രണ്ട് തസ്തികയില്‍ 248 വിരമിക്കല്‍ ഒഴിവുകളുണ്ടാകും. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ട് തസ്തികയിലെ അനുപാതം 1:1 ആക്കുകയും ബൈ ട്രാന്‍സ്ഫര്‍ നിയമനത്തിനുള്ള യോഗ്യത എംഎസ്ഡബ്ല്യു അല്ലെങ്കില്‍ എംഎ പേഴ്സണല്‍ മാനേജ്മെന്റ് അല്ലെങ്കില്‍ എല്‍എല്‍ബി പരിഷ്കരിക്കുകയും ചെയ്താല്‍ സീനിയര്‍ ക്ലാര്‍ക്കുമാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കില്ല.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ട് തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്ന മുറയ്ക്ക് എല്ലാ ഒഴിവുകളും പിഎസ്സി നിയമനം വഴി നികത്തപ്പെടും. ഇതോടെ 102 പേര് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-രണ്ട് വിഭാഗത്തില്‍ നേരിട്ട് നിയമിതരാകും. ഇപ്രകാരം 100 പേരെങ്കിലും അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ്-2 തസ്തികയില്‍ അധികമായി നിയമിതരാകും. ഇതോടെ 202 പേര് തസ്തികയിലുണ്ടാകും. ഇവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുമ്പോഴേക്കും നിലവിലുള്ള സീനിയര്‍ ക്ലറിക്കല്‍ തസ്തികയിലെ എല്ലാവരും ക്ലറിക്കല്‍ തസ്തികയിലിരുന്ന് വിരമിക്കേണ്ടി വരും.
വകുപ്പില്‍ നിലവില്‍ സീനിയര്‍ ക്ലാര്‍ക്കുമാരായി ജോലി ചെയ്ത് വരുന്ന 90 ശതമാനം ജീവനക്കാരും ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉള്ളവരാണ്. പിഎസ്സി നിര്‍ദ്ദേശിച്ചിട്ടുള്ള വകുപ്പുതല പരീക്ഷ (അക്കൗണ്ട് ടെസ്റ്റ്, ലേബര്‍ ലാസ് പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന്) വിജയിച്ചവരെയാണ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്. കുറഞ്ഞത് പന്ത്രണ്ട് വര്‍ഷം ക്ലറിക്കല്‍ തസ്തികയില്‍ ജോലി ചെയ്തതിന് ശേഷമാണ് സാധാരണ ഗതിയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുക. നേരിട്ടുള്ള നിയമനം വഴി ജീവനക്കാരുടെ പ്രോമോഷന് പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: