തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശങ്ങളോട് ഗവര്‍ണര്‍ എതിരഭിപ്രായം പരസ്യമായി പറയുന്നത് ഇതാദ്യം. വിയോജിപ്പുണ്ടെങ്കില്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടാറുണ്ട്. വായിച്ച ഭാഗത്തോട് തനിക്ക് യോജിപ്പില്ലന്ന് പറയുന്ന ആദ്യ ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്.
വിട്ടുകളഞ്ഞാലും ആ ഭാഗം കൂടി പ്രസംഗത്തിന്റെ ഭാഗമായി സഭാരേഖകളിലുണ്ടാകും. എന്നാല്‍ ഇന്നലെ നയപ്രഖ്യാപനത്തിലെ യോജിക്കാനാവാത്ത ഭാഗം ഒഴിവാക്കുകയായിരുന്നില്ല. മറിച്ച് വിവാദമായ പൗരത്വ നിയമത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റെ അഭിപ്രായങ്ങളോടു വിയോജിപ്പു പ്രകടിപ്പിച്ചാണ് ഗവര്‍ണര്‍ പ്രസംഗത്തിലെ ഭാഗങ്ങള്‍ വായിച്ചത്. ‘സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി. എനിക്കിതില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഇതു വായിക്കണമെന്ന് മുഖ്യമന്ത്രി താത്പര്യം പ്രകടിപ്പിച്ചു. അദ്ദേഹത്തെ ബഹുമാനിച്ചു കൊണ്ട് വിയോജിപ്പോടെ ഞാനിത് വായിക്കുന്നു’ എന്നാണ് ഗവര്‍ണര്‍ പറഞ്ഞത്. ഭരണഘടനാ ബാധ്യത നിറവേറ്റുമ്പോഴും സുവ്യക്തമായ അഭിപ്രായത്തില്‍ നിന്ന് അണുവിട മാറാന്‍ ഗവര്‍ണര്‍ തയാറായില്ല. ഇത് സര്‍ക്കാരിന്റെ നിലപാടല്ല, കാഴ്ചപ്പാടാണെന്ന് വ്യക്തമാക്കാനും അദ്ദേഹം മടിച്ചില്ല.
അതേസമയം, നയപ്രഖ്യാപനത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനം മയപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു. ഭരണഘടനയുടെ സുപ്രധാന തത്വങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം ഏകകണ്ഠമായി പാസാക്കിയിട്ടുണ്ടെന്നും അതിനെ തുടര്‍ന്ന് ഭരണഘടനയുടെ 131 അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ വിനിയോഗിച്ച് സുപ്രീംകോടതിയില്‍ ഒര്‍ജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ടെന്നും മാത്രമാണ് നയപ്രഖ്യാപനത്തിലുള്ളത്.
പൗരത്വ നിയമ ഭേദഗതിയില്‍ സര്‍ക്കാരിന്റെ ആശങ്കകള്‍ ഗവര്‍ണര്‍ പ്രസംഗത്തിലൂടെ പറയണമെന്ന് മുഖ്യമന്ത്രി രേഖാമൂലം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നതായും ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ഭരണഘടനയുടെ 176-ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നത്. മന്ത്രിസഭയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആ കടമ നിര്‍വഹിക്കേണ്ടത്. അതിനാല്‍, മന്ത്രിസഭ അംഗീകരിച്ച പ്രസംഗം ഒരു വാക്കും കൂട്ടിച്ചേര്‍ക്കാതെയോ കുറയ്ക്കാതെയോ വായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു’ എന്നാണ് മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: