ന്യൂദല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്. ധനമന്ത്രി നിര്‍മ്മല സീതാരാമന് ശനിയാഴ്ച രാവിലെ 11ന് ലോക്സഭയില്‍ ബജറ്റ് അവതരിപ്പിക്കും. നാളെ രാവിലെ പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തുന്നതോടെ ബജറ്റ് സമ്മേളനത്തിന് തുടക്കമാകും. സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും വെള്ളിയാഴ്ച അവതരിപ്പിക്കും. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നു രാവിലെ 10ന് സര്‍വ്വകക്ഷിയോഗം ചേരും.
രണ്ടു ഘട്ടങ്ങളായി ചേരുന്ന ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം നാളെ ആരംഭിച്ച് ഫെബ്രുവരി 11ന് സമാപിക്കും. രണ്ടാം ഘട്ടം മാര്‍ച്ച് രണ്ടിന് തുടങ്ങി ഏപ്രില്‍ മൂന്നിന് അവസാനിക്കും. 2017 മുതല്‍ ഫെബ്രുവരിയിലെ ആദ്യ ദിവസമാണ് ബജറ്റ് അവതരണത്തിന് കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ രണ്ടു ഘട്ടത്തെയും ബാധിച്ചേക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തല്‍. കേന്ദ്രപാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, സഹമന്ത്രിമാരായ വി. മുരളീധരന്, അര്ജ്ജുന് റാം മേഘ്വാള് എന്നിവര്‍ വിവിധ മന്ത്രാലയ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബജറ്റ് സമ്മേളന ക്രമീകരണങ്ങള്‍ കഴിഞ്ഞ ദിവസം വിലയിരുത്തി.
ചരക്കു സേവന നികുതി നിരക്കുകളിലെ പരിഷ്ക്കരണവും ആകര്‍ഷകമായ ഭവന പദ്ധതികളുടെ പ്രഖ്യാപനവും ബജറ്റില്‍ പ്രതീക്ഷിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും സാമ്പത്തിക വിദഗ്ധരില്‍ നിന്നുമടക്കം എല്ലാ മേഖലകളില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റിലേക്ക് ധനമന്ത്രി സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: