ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്രം നടത്താനുള്ള കാലയളവ് ആറ് മാസമാക്കി ഉയര്‍ത്തി. ഇതുസംബന്ധിച്ച ബില്ല് ഫെബ്രുവരി 1ന് ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. പുരോഗമനപരമായ ഈ തീരുമാനം മാതൃമരണനിരക്ക് ഗണ്യമായി കുറയ്‌ക്കാന്‍ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. സ്വന്തം തീരുമാനപ്രകാരം ഗര്‍ഭാവസ്ഥ തുടരണോ വേണ്ടയോ എന്ന് സ്ത്രീകള്‍ക്ക് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും, അത്തരം സാഹചര്യത്തില്‍ സ്വതന്ത്രമായും സുരക്ഷിതമായും ഗര്‍ഭം അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുന്നതാണ് ഈ ബില്ലെന്നും ജാവദേക്കര്‍ വ്യക്തമാക്കി.
ബലാത്സംഗത്തിനിരയായ കുട്ടികള്‍ക്കോ, പ്രായപൂര്‍ത്തിയാവാത്തവര്‍ക്കോ, ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കോ ഗര്‍ഭാവസ്ഥയെക്കുറിച്ച് ഉടനെത്തന്നെ അറിയാന്‍ സാധ്യതയില്ല. അങ്ങനെയുള്ളവര്‍ക്ക് ആറ് മാസത്തിനകം സ്വതന്ത്രമായി ഗര്‍ഭച്ഛിദ്രം നടത്താനും ഇത് വഴി കഴിയുമെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. അഞ്ച് മാസം വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കുന്നതായിരുന്നു 1971ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം. ആരോഗ്യപരമായ കാരണങ്ങളാലടക്കം കുട്ടിയുടെ വളര്‍ച്ചയില്‍ എന്തെങ്കിലും പാകപ്പിഴ കണ്ടെത്തിയാല്‍, അഞ്ച് മാസം കഴിഞ്ഞിട്ടാണ് അത് കണ്ടെത്തുന്നതെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കാറില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം, പുരോഗമനപരമായ നിലപാടിന്റെ കൂടി പുറത്താണ് ബില്ല് കൊണ്ടുവരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
















