ന്യൂദല്‍ഹി: സ്വാതന്ത്ര്യ സമര രംഗത്തെ മുന്നണിപ്പോരാളിയായിരുന്ന പഞ്ചാബ് കേസരി ലാലാ ലജ്പത് റായിക്ക് 155-ാം ജന്മദിനത്തില്‍ രാജ്യം ആദരാഞ്ജലിയര്‍പ്പിച്ചു. കരുത്തിന്റെ പ്രതീകമായ ഈ സ്വാതന്ത്ര്യ സമരനായകന്‍ ലാല്‍, ബാല്‍, പാല്‍ (ലാലാ ലജ്പത് റായി, ബാലഗംഗാധര തിലകന്‍, ബിപിന്‍ ചന്ദ്രപാല്‍) എന്ന ത്രിമൂര്‍ത്തികളില്‍ ഒരാളായിരുന്നു. 1865 ജനുവരി 28നായിരുന്നു ജനനം. 1928 നവംബര്‍ 17ന് മരണം.
സ്വദേശി പ്രസ്ഥാനത്തിന്റെ അമരക്കാരില്‍ ഒരാള്‍. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്ഥാപകന്‍. ക്രിസ്ത്യന്‍ മിഷണറിമാരില്‍ നിന്ന് അനാഥക്കുട്ടികളെ അകറ്റി നിര്‍ത്താന്‍ ഹിന്ദു ഓര്‍ഫന്‍ റിലീഫ് മൂവ്‌മെന്റ് ആരംഭിച്ചതും ഇദ്ദേഹമാണ്. സൈമണ്‍ കമ്മീഷനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് പോലീസിന്റെ കിരാത മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി.അന്നേറ്റ പരിക്കുകളാണ് പിന്നീട് അദ്ദേഹത്തിന്റെ അന്ത്യത്തിലേക്ക് നയിച്ചത്.
1880ല്‍ ലാഹോറില്‍ പഠിക്കുമ്പോള്‍ സ്വാമി ദയാനന്ദ സരസ്വതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലജ്പത് റായി ആര്യ സമാജത്തില്‍ ചേര്‍ന്നു. 1886ല്‍ അഭിഭാഷകനായി.ലാഹോറില്‍, ദയാനന്ദ ആംഗ്ലോ വേദിക് സ്‌കൂള്‍ ആരംഭിച്ചത് അദ്ദേഹമായിരുന്നു. 1947ല്‍ വിഭജന ശേഷം ഈ സ്‌കൂളാണ് ഇസ്ലാമിയ കോളേജാക്കി മാറ്റിയത്. പൂര്‍ണ്ണ സ്വരാജിന് ലാലാ ലജ്പത് റായിയും ബിപിന്‍ ചന്ദ്രപാലും ബാലഗംഗാധര തിലകനും അരവിന്ദ ഘോഷും ചേര്‍ന്നാണ് ആഹ്വാനം ചെയ്തത്. 1917ല്‍ അമേരിക്കയില്‍ ഇന്ത്യന്‍ ഹോം റൂള്‍ ലീഗ് സ്ഥാപിച്ചതും ലജ്പത് റായിയാണ്.
















