ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് തന്നെയെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പോപ്പുലര്‍ ഫ്രണ്ടിന് ഇതില്‍ നേരിട്ട് പങ്കാളിത്തമുണ്ടെന്നതിന്റെ അന്വേഷണ റിപ്പോര്‍ട്ട് എന്‍ഫോഴ്‌സ്‌മെന്റ് യുപി സര്‍ക്കാരിനും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കൈമാറിക്കഴിഞ്ഞു.
ഇതു കൂടാതെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേസിലും പിഎഫ്‌ഐക്ക് ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 73 ബാങ്ക് അക്കൗണ്ടുകളിലായി 120 കോടി രൂപ നിക്ഷേപിച്ചിട്ടുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. ഈ പണം 90 തവണയായി പിന്‍വലിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകള്‍ നടത്തിയതിന്റെ ബാങ്ക് രേഖകളും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഏഴ് പിഎഫ്‌ഐ ഭാരവാഹികള്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ് നല്‍കി.
ദല്‍ഹി അന്വേഷണ ഉദ്യോഗസ്ഥന് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ. അബൂബക്കര്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും നടന്ന അക്രമ സമരങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സാമ്പത്തിക പിന്തുണ നല്‍കിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഭാരവാഹികള്‍ക്ക് സമന്‍സ് അയച്ചിട്ടുള്ളത്. എന്നാല്‍ റിപ്പോര്‍ട്ട് തെറ്റാണെന്നാണ് പോപ്പുലര്‍ ഫ്രണ്ട് മറുപടി നല്‍കിയിരിക്കുന്നത്.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ 2018ല്‍ എന്‍ഫോഴ്സ്മെന്റ് കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തിട്ടുണ്ട്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഒമ്പത് ബാങ്ക് അക്കൗണ്ടുകളിലൂടെയുള്ള സാമ്പത്തിക ഇടപാടുകളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തി വരികയാണ്.
















