ന്യൂദല്‍ഹി : നിര്‍ഭയക്കേസ് പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി ഹര്‍ജി. ദയാഹര്‍ജി രാഷ്‌ട്രപതി തള്ളിയതിനെതിരെ പ്രതികളില്‍ ഒരാളായ മുകേഷ് സിങ് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കേയാണ് പ്രതികള്‍ വാദഗതികള്‍ ഉന്നയിച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഹര്‍ജിയില്‍ ബുധനാഴ്ച രാവിലെ 10.30 യ്‌ക്ക് കോടതി വിധി പറയും. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് മുകേഷ് സിങ്ങിന്റെ അഭിഭാഷക അഞ്ജന പ്രകാശ് പുതിയ ആരോപണം ഉന്നയിച്ചത്. മുകേഷ് സിങ്ങും സഹോദരന്‍ രാംസിങ്ങും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് അഭിഭാഷക പറഞ്ഞു.
മുകേഷ് സിങ്ങിന്റെ സഹോദരന്‍ രാംസിങ്ങിന്റേത് ആത്മഹത്യയല്ല കൊലപാതകമാണെന്നും നിര്‍ഭയ പ്രതികളെ പരസ്പരം ലൈംഗിക ബന്ധത്തിന് തീഹാര്‍ അധികൃതര്‍ പ്രേരിപ്പിച്ചെന്നും അഭിഭാഷക കുറ്റപ്പെടുത്തി. മുകേഷ് സിങ്ങിനോട് അക്ഷയ് ഠാക്കൂറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനായി മര്‍ദ്ദിച്ചുവെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ മുകേഷ് സിങ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും അതിനുള്ള ചികിത്സ ജയിലില്‍ നടന്നുവെന്നതും ദയാഹര്‍ജിക്ക് കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.
അതേസമയം ദയാഹര്‍ജി തള്ളാനുള്ള രാഷ്‌ട്രപതിയുടെ തീരുമാനം പരിശോധിക്കാന്‍ കോടതിക്ക് പരിമിതമായ അധികാരമേ ഉള്ളൂവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഭാനുമതി വ്യക്തമാക്കി. നടപടിക്രമം പാലിച്ചോ എന്ന് മാത്രമേ പരിശോധിക്കൂവെന്നും അവര്‍ പറഞ്ഞു.
അതിനിടെ ഏത് സാഹചര്യത്തിലാണ് ദയാഹര്‍ജി തള്ളിയതെന്ന് രാഷ്‌ട്രപതി വ്യക്തമാക്കിയിട്ടില്ല. ഹര്‍ജികള്‍ നല്‍കുന്നത് ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കാനല്ലെന്നും മുകേഷ് സിങ്ങിന്റ അഭിഭാഷക അറിയിച്ചു.
പ്രോസിക്യൂഷന് വേണ്ടി തുഷാര്‍ മേത്തയാണ് വാദിച്ചത്. രാഷ്‌ട്രപതി പരിശോധിച്ച ശേഖകളുടെ വിശദാംശങ്ങള്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ നല്‍കി. മുകേഷ് സിങ് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്ന പരാതികള്‍ ഉണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ട സ്ഥലങ്ങളില്‍ ഉന്നയിക്കണമെന്ന് മേത്ത കോടതിയില്‍ അറിയിച്ചു.
















