ന്യൂദല്‍ഹി : ഇന്ത്യ- പാക് യുദ്ധത്തില്‍ 90,000 സൈനികര്‍ നമ്മുടെ പിടിയിലായിരുന്നു. ഇതിലൂടെ കര്‍താര്‍പുര്‍ ഗുരുദ്വാര ഇന്ത്യയ്‌ക്ക് നിഷ്പ്രയാസം നേടിയെടുക്കാമായിരുന്നു. 1971ലെയുദ്ധത്തിലാണ് ഇത്രയും സൈനികര്‍ ഇന്ത്യയുടെ പിടിയിലായത്. ഇവരെ തിരിച്ച്‌നല്‍കുന്നതിന് പകരമായി ഇന്ത്യയ്‌ക്ക് വേണമെങ്കില്‍ കര്‍താര്‍പൂര്‍ ഗുരുദ്വാര തിരിച്ചു നല്‍കാന്‍ ധാരണ വെയ്‌ക്കാമായിരുന്നു.
അല്ലെങ്കില്‍ അവിടെ സന്ദര്‍ശനം നടത്തുന്നതിനോ മറ്റോ ഉപാധി വെയ്‌ക്കാമായിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷമാണ്് ഇവര്‍ക്ക് ഗുരുദ്വാര സന്ദര്‍ശിക്കാനുള്ള സൗകര്യം ഉണ്ടായതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ദല്‍ഹി കരിയപ്പ ഗ്രൗണ്ടിലെ എന്‍സിസി റാലിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
പാക്കിസ്ഥാന്‍ പതിറ്റാണ്ടുകളായി ഇന്ത്യയ്‌ക്കെതിരെ നിഴല്‍യുദ്ധം നടത്തുകയാണ്. എന്നാല്‍ സായുധസേനയ്‌ക്ക് ഈ നിഴല്‍ യുദ്ധം അവസാനിപ്പിക്കാന്‍ 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭീകരരെ അവരുടെ വീടുകളിലെത്തിയാണ് ഇന്ത്യ പാഠം പഠിപ്പിക്കുന്നത്. നമ്മുടെ അയല്‍രാജ്യം നമുക്കെതിരായി മൂന്ന് തവണ യുദ്ധം ചെയ്ത് പരാജയപ്പെട്ടത് നമുക്കറിയാം. നമ്മുടെ അയല്‍ രാജ്യത്തിന്റെ നിഴല്‍യുദ്ധത്തിലൂടെ ആയിരക്കണക്കിന് ജവാന്മാര്‍ക്കും സാധരണക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് അവര്‍ക്കെതിരെ സൈനിക നടപടി എടുക്കുന്നില്ലെന്ന് പലരും ചോദിക്കുന്നുണ്ട്. എന്നാല്‍ രാജ്യം ഇന്ന് യുവ ചിന്തകളോടെയാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. അതാണ് മിന്നലാക്രമണവും, വ്യോമാക്രമണവുമൊക്കെ നടത്തിയത്. ഭീകരരെ അവരുടെ വീടുകളിലെത്തിയാണ് പാഠം പഠിപ്പിക്കുന്നത്. കശ്മീരിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനല്ല മുന്‍കാല സര്‍ക്കാരുകളുടെ ശ്രമം. കശ്മീര്‍ ഭരിച്ചുകൊണ്ടിരുന്ന നേരതത്തെ കുടുംബങ്ങള്‍ ചെയ്തത് സംസ്ഥാനത്തെ കുഴപ്പങ്ങളെ പരിപോഷിപ്പിക്കാനാണ്. ഇതിന്റെ ഫലമായി ഭീകരത വളര്‍ന്ന് ആയിരണക്കണക്കിന് ആളുകള്‍ അവിടെ നിന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം പൗരത്വ നിയമ ഭേദതി സംബന്ധിച്ച് പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാന്‍ ഇന്ത്യയ്‌ക്ക് ബാധ്യതയുണ്ട്. 1947ല്‍ ഇന്ത്യ വിഭജനത്തിന് ശേഷം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും നമുക്കുണ്ട്. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് മുസ്ലിം സമുദായത്തിന് പുറത്തുള്ളവരെ മാത്രം ക്ഷണിച്ചുകൊണ്ട് പാക്കിസ്ഥാന്‍ സൈന്യം അടുത്തിടെ പരസ്യമിറക്കിയെന്നും മോദി കുറ്റപ്പെടുത്തി.
















