ന്യൂദല്‍ഹി: രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍. ബീഹാറിലെ ജഹാനാബാദില്‍ വച്ചാണ് ഷര്‍ജീല്‍ ഇമാമിനെ പോലീസ് പിടികൂടിയത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് ഇയാൾ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് യുഎപിഎ നിയമപ്രകാരം ഷർജീലിനെതിരെ കേസെടുക്കുകയായിരുന്നു.
യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ കഴിഞ്ഞ 16 നായിരുന്നു ഷര്‍ജീല്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വീഡിയോ ആദ്യം ട്വിറ്ററില്‍ പങ്കുവെച്ചത് ബിജെപി വക്താവ് സംബിത് പാത്രയാണ്. യുഎപിഎ നിയമപ്രകാരം ഷര്‍ജീല്‍ ഇമാമിനെതിരെ കേസെടുത്തതായി അസമിലെ അഡീഷണല്‍ ഡിജിപി ജി.പി സിങ് പറഞ്ഞു.
പൗരത്വ വിരുദ്ധ ആക്ടിവിസ്റ്റ് ഷാര്‍ജീല്‍ ഇമാമിനെ തേടി ദല്‍ഹിയില്‍ നിന്നും ബീഹാറില്‍ നിന്നും പോലീസ് സംഘം ജഹാനാബാദില്‍ നിന്ന് പട്‌നയിലേക്ക് നിരവധി സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഷര്‍ജീല്‍ ഇമാമിന്റെ അറസ്റ്റ്. മുന്‍ ജനതാദള്‍ (യുണൈറ്റഡ്) നേതാവ് അക്ബര്‍ ഇമാമിന്റെ മകനാണ് ഷര്‍ജീല്‍.
















