തിരുവനന്തപുരം : ആദ്യകാല ചലച്ചിത്ര നടി ജമീല മാലിക് (72) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. നിരവധി സിനിമകളിലും ദൂരദര്ശന് പരമ്പരകളിലും അഭിനയിച്ചു. റേഡിയോ നാടക രചയിതാവായിരുന്നു. പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയം പഠിക്കാന്‍ പോയ ആദ്യ മലയാളി പെണ്‍കുട്ടിയായിരുന്നു ജമീല.
എസ്എസ്എല്‍സി പഠനത്തിനു ശേഷം പതിനാറാം വയസിലാണ് പൂന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി അമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ‘റാഗിംഗ്’ ആയിരുന്നു ആദ്യത്തെ സിനിമ. പാണ്ഡവപുരം, ആദ്യത്തെ കഥ, രാജഹംസം, ലഹരി തുടങ്ങി ഏതാനും ചിത്രങ്ങളില്‍ നായികയായി. വിന്‍സെന്റ്, അടൂര്‍ ഭാസി, പ്രേംനസീര്‍, രാഘവന് എന്നിവരോടൊത്ത് അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മി, അതിശയരാഗം എന്നീ തമിഴ് ചിത്രങ്ങളിലും നായികയായി. ‘നദിയെ തേടിവന്ന കടല്‍’ എന്ന സിനിമയില്‍ ജയലളിതയോടൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
ദൂരദര്‍ശന്റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങള്‍ക്ക് ഡബ്ബുചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: