അടുത്തിടെ പുറത്തിറക്കിയ ഓക്സ്ഫഡ് ഡിക്ഷ്ണറിയില് ഇരുപതിലേറെ പുതിയ വാക്കുകള്‍ ഇടം പിടിച്ചിരിക്കുന്നുവത്രെ! അതില്‍ കേരളത്തിലെ സ്ഥിരം കലാപരിപാടിയായ ഹര്‍ത്താലും ഉണ്ടെന്ന് കേള്‍ക്കുന്നു. പക്ഷേ, ചങ്ങല അല്ലല്ല ശൃംഖല അതില്‍ സ്ഥാനം പിടിക്കാഞ്ഞതെന്ത് എന്നാണ് ഈയുള്ളവന്റെ ന്യായമായ സംശയം.
അതിന് മറുപടി ഏതായാലും കിട്ടി. പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ എറിയാനാണല്ലോ മേപ്പടി ശൃംഖല. നേരത്തെ ചങ്ങല ചങ്ങല എന്നു പറഞ്ഞ് ആളെക്കൂട്ടിയപ്പോള്‍ ഒരു സ്റ്റാന്റേഡ് കുറവുപോലെ. വീട്ടിലെ ടൈഗര്‍, ടോമി, ടിപ്പുമാരെ പൂട്ടിയിടാന്‍ ഉപയോഗിക്കുന്ന സാധനം നാട്ടുകാരെ കെട്ടിയിടാനും ഉപയോഗിക്കുന്നോ എന്നൊരു ശങ്ക. എന്നാല്‍ ആ പയ്യ്യാരം വേണ്ടാന്ന് കരുതിയാണ് ശൃംഖലയാക്കിയത്. സംസ്കൃതമാവുമ്പോള് ഒരു ഗമയൊക്കെ വരുമല്ലോ.
ഏതായാലും ദൈവത്തിന്റെ നാട്ടിലെ പ്രത്യേകമായ ഒരു കലാപരിപാടി ആയതിനാല്‍ സൂചി കുത്താന്‍ ഇടയില്ലാത്ത വിധം ആളുകള്‍ നിരന്നു നിന്നു എന്നാണ് ബിസി (ബ്രാഞ്ച് കമ്മിറ്റി) റിപ്പോര്‍ട്ടര്‍മാര്‍ എല്‍സിക്കും എസിക്കും ഡിസിക്കും കൊടുത്തിരിക്കുന്ന വിവരം. കാര്യഗൗരവമില്ലാത്ത ചില വിദ്വാന്മാര് ആളൊഴിഞ്ഞ റോഡിനോരവും മറ്റും ചിത്രത്തിലാക്കി വീശിയിട്ടുണ്ട്. ന്യൂജെന്‍ മാധ്യമങ്ങളെക്കുറിച്ച് അടുത്തിടെ കൂടിയ പിബി കൂടുതലൊന്നും പറഞ്ഞില്ലെങ്കിലും നേരത്തെയെടുത്ത ചില തീരുമാനങ്ങള്‍ കാറ്റില്‍ പറത്തിയതിന്റെ ആത്യന്തിക ഫലമല്ലേ ഈദൃശ ഹിക്കുമത്തുകള് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു പോലും.
പണ്ട് കമ്പ്യൂട്ടര്‍ രംഗപ്രവേശം ചെയ്തപ്പോള്‍ മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചതിന്റെ മധുരോദാരമായ ഓര്‍മകള്‍ ചിലര്‍ പങ്കുവച്ചു. അന്ന് ആ കമ്പ്യൂട്ടര്‍ ഇടപാടുകളെ എട്ടുനിലയില്‍ പൊളിച്ചടുക്കിയിരുന്നെങ്കില് ഇന്നീ ഗതികേട് വരുമായിരുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയത്രേ. എത്ര വമ്പന്‍ സംവിധാനങ്ങളുണ്ടെങ്കിലും ഇന്നും സമരം വിജയിക്കണമെങ്കില്‍ ബസ്സിന് നാലഞ്ച് കല്ലെറിയേണ്ടേ എന്നാരോ ചോദിച്ചു പോലും. സംഭവമെന്തായാലും മഹാശ്യംഖലയെന്ന മഹാചങ്ങല കഴിഞ്ഞതോടെ തല്പര കക്ഷികള്‍ക്ക് വയറിളക്കിയ സുഖമാണത്രേ. ‘നേര് നേരത്തെ’ അറിയിക്കുന്നവര്‍ എങ്ങനെയാണ് ശൃംഖലയെക്കുറിച്ച് എഴുതേണ്ടതെന്നറിയാതെ പരക്കം പാഞ്ഞു നടന്നുവെന്നും ഉപശാല വൃത്തങ്ങള്‍ അടക്കംപറയുന്നുണ്ട്. കാര്യമെന്തായാലും റിപ്പബ്ലിക്, സ്വാതന്ത്ര്യദിന വേളകളില്‍ ഇമ്മാതിരി കലാപരിപാടികള്‍ നടത്താത്തതാണ് നന്ന്. കാര്യമെന്തന്നറിയുമോ? നേരെ ചൊവ്വെയുള്ള വാര്‍ത്തയും ചിത്രവും പിറ്റേന്ന് കാണാനാവില്ല. തങ്ങളുടെ മോന്തായം അച്ചടിച്ചു കാണുമ്പോഴുള്ള സുഖമുണ്ടല്ലോ, അതൊരു ഒന്നൊന്നര സുഖമാണ്.
വര്‍ഷാവര്‍ഷം ഇത്തരം പരിപാടികള്‍ ആഘോഷിക്കുന്നതു കൊണ്ട് ഒരു ഗുണമെന്താണെന്നുവച്ചാല്‍ മേപ്പടി പാര്‍ട്ടി സജീവമായി രംഗത്തുണ്ട് എന്ന സന്ദേശം കൊടുക്കാനാവും. ലോക നേതാക്കളുടെ ചായകുടി വേളയില്‍ തമാശ പറയുമ്പോഴെങ്കിലും ഈ പാര്‍ട്ടിയെക്കുറിച്ച് അവര്‍ പറയും. പിന്നെ ഒന്നുകൂടി സൂചിപ്പിക്കും:
ഇവര്‍ ദൈവത്തിന്റെ നാട്ടില്‍ തന്നെ പ്രവര്‍ത്തിക്കേണ്ടവരാണ്. കാരണം കഴിഞ്ഞവര്‍ഷം ഒരു ദേവസ്ഥാനത്ത് ആചാരത്തിന്റെ ഭാഗമായി വയസ്സില്‍ ഒരു പ്രത്യേക ഘട്ടം കഴിഞ്ഞവര്‍ക്കുള്ള പ്രവേശനം നിയന്ത്രിച്ചപ്പോള്‍ സകല വനിതകളേയും പാര്‍ട്ടിയും സര്‍ക്കാരും നേതൃത്വം നല്കി അവിടേക്ക് കൊണ്ടുപോയി. അതിന് നവോത്ഥാന മതില് എന്ന് പേരു ചാര്‍ത്തി. ഇപ്പോള്‍ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്, പാക്കിസ്ഥാന് എന്നിവിടങ്ങളിലെ ആളുകളെ ഒരു നിയന്ത്രണവുമില്ലാതെ ഇന്ത്യയിലേക്ക് കടത്താന്‍ നേതൃത്വം നല്കുന്നു. ലോകത്തിന്റെ വേസ്റ്റ്ലാന്റാണ് ഇവിടം എന്നത്രേ ഇവരുടെ കാഴ്ചപ്പാട്. അതിന് അതിമനോഹരമായ പേരും-മഹാശൃംഖല. എങ്ങനെ പറയാതിരിക്കും ഇവര്‍ ദൈവത്തിന്റെ നാട്ടുകാരല്ലെന്ന്! അടുത്ത ശൃംഖലയ്ക്കായി ആളുകളെ കൂട്ടാനുള്ള അടവുകള്‍ക്കായി ലോക നേതാക്കളുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്… ഇത്യാദി ‘വഹ’കള്‍ ശ്രദ്ധിച്ചു കൊള്ളട്ടെ. ഒരു ഗവര്‍ണര്‍ ഏതായാലും ഗവേണ്‍ ചെയ്യുന്നതെങ്ങനെയെന്ന് പഠിപ്പിച്ചുകൊടുക്കാന്‍ തയാറായ സ്ഥിതിക്ക് ഇമ്മാതിരി അവസരങ്ങള്‍ കൂടുതല്‍ ഉണ്ടാവട്ടെ എന്നാണ് നുമ്മടെ പ്രാര്‍ഥന, നിങ്ങളുടെയോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: