ശ്ലോകം 64
അകൃത്വാ ശത്രുസംഹാരം
അഗത്വാഖിലഭൂശ്രിയം
രാജാഹമിതി ശബ്ദാന്നോ
രാജാ ഭവിതുമര്‍ഹതി
ശത്രുസംഹാരം ചെയ്യാതേയും ഭൂമിയിലെ എല്ലാ സമ്പത്തും കൈവശപ്പെടുത്താതേയും ‘ ഞാന്‍ രാജാവാണ് ‘ എന്ന് പറഞ്ഞതു കൊണ്ട് മാത്രം രാജാവാകുകയില്ല.
ആത്മാനുഭൂതിയുടെ രാജ സിംഹാസനം നേടണമെങ്കില്‍ അതിനായ് ചില കാര്യങ്ങള്‍ നിറവേറ്റേണ്ടതുണ്ട്. തന്റെയുള്ളിലുള്ള ശത്രുക്കളെയെല്ലാം ജയിക്കണം. ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് തുടങ്ങിയവയെയൊക്കെ തന്റെ സ്വാധീനത്തില്‍ വരുത്തണം. അങ്ങനെയുള്ളയാള്‍ ആത്മ അധീശനായി മാറും.
ശത്രുക്കളെ ഇല്ലാതാക്കാതേയും ബലവീര്യങ്ങളെ കൊണ്ട് രാജ്യം തന്റെ പരമാധികാരത്തില്‍ കൊണ്ടു വരാതേയും രാജാവാകില്ല. ഞാന്‍ രാജാവാണ് എന്ന് പ്രഖ്യാപിച്ചതുകൊണ്ട് മാത്രം രാജാവാകാന്‍ കഴിയില്ല.
എല്ലാ പ്രജകളും ആജ്ഞാനുവര്ത്തികളായാല് പിന്നെ രാജാവാണെന്ന് സ്വയം പറയേണ്ട കാര്യമില്ല നാട്ടിലെ പ്രജകള്‍ തന്നെ വിളംബരം ചെയ്തോളും.
ആത്മീയ അധീശത്വം നേടിയ യോഗിയുടെ സ്ഥിതിയും അതുപോലെ എന്ന് അറിയണം. കാമ ക്രോധങ്ങളുള്പ്പടെയുള്ള ആന്തരിക ശത്രുക്കളെ തുരത്തി ജാഗ്രത്, സ്വപ്ന, സുഷുപ്തി എന്നീ അവസ്ഥാ ത്രയമായ വിശാല ഭൂപ്രദേശങ്ങളില്‍ പരമാധികാരം നേടണം. അഹം ബ്രഹ്മാസ്മി ഞാന്‍ ബ്രഹ്മമാണ് എന്ന് ജപിച്ചിരുന്നിട്ട് കാര്യമില്ല.
ശ്ലോകം 65
ആപ്തോക്തിം ഖനനം തഥോപരി
ശിലാദ്യുത്കര്ഷണം സ്വീകൃതിം
നിക്ഷേപ: സമപേക്ഷതേ നഹി ബഹി: ശബ്ദൈസ്തുനിര്ഗച്ഛതി
തദ്വദ് ബ്രഹ്മ വിദോപദേശമനന ധ്യാനാദിഭിര് ലഭ്യതേ
മായാകാര്യ തിരോഹിതം സ്വമമലം തത്ത്വം ന ദുര്യുക്തിഭി:
നിധിയെക്കുറിച്ച് അറിയാവുന്ന ആളില്‍ നിന്നും അതിരിക്കുന്ന സ്ഥലം കൃത്യമായി കേട്ടറിയണം. ആ സ്ഥലം കുഴിച്ച് കല്ലും മണ്ണും നീക്കം ചെയ്ത് നിധി പുറത്തെടുക്കണം. അല്ലാതെ പുറത്ത് നിന്ന് നിധി… നിധി…. എന്ന് വിളിച്ച് പറഞ്ഞതു കൊണ്ടൊന്നും അത് വെളിയില്‍ വരില്ല.
അതുപോലെ മായമൂലമുള്ളതായ അജ്ഞാനം കൊണ്ടും മറ്റും മറഞ്ഞു കിടക്കുന്ന പരിശുദ്ധമായ ആത്മതത്വം ബ്രഹ്മ വിത്തായ ഗുരുവിന്റെ ഉപദേശത്താല്‍ മനന ധ്യാനങ്ങളിലൂടെ സാക്ഷാത്കരിക്കാം. അല്ലാതെ വെറുതെ തര്‍ക്കം നടത്തിയിട്ട് ഒരു കാര്യവുമില്ല.
മണ്ണില്‍ മറഞ്ഞു കിടക്കുന്ന ഒരു നിധിയെടുക്കണമെങ്കില് അതിനെക്കുറിച്ച് അറിയുന്ന ആളുടെ ഉപദേശം തേടണം. അതുപോലെ നമ്മുടെ ഉള്ളിലുള്ള ആത്മനിധിയെ കണ്ടെത്താന്‍ അതിനെക്കുറിച്ച് അറിയാവുന്ന ഗുരുവിന്റെ ഉപദേശം വേണം. നിധി കിട്ടാന്‍ എവിടെ കുഴിക്കണം, എങ്ങനെ കുഴിക്കണ, എത്രത്തോളം കുഴിക്കണം എന്നൊക്കെ അറിയാവുന്നവര്‍ പറഞ്ഞു തരും. കൃത്യമായി കുഴിച്ച് കല്ലും മണ്ണുമൊക്കെ നീക്കം ചെയ്താല്‍ ഒടുവില്‍ നിധി കൈയില്‍ കിട്ടും. ഇതു പോലെ നമ്മുടെയുള്ളില്‍ മറഞ്ഞിരിക്കുന്ന ആത്മനിധിയെ ഗുരുവിന്റെ ഉപദേശപ്രകാരം വിചാരമാകുന്ന പാരയും വിവേകമാകുന്ന കൈക്കോട്ടും കൊണ്ട് കുഴിക്കണം. അജ്ഞാനം കൊണ്ട് വന്നു പെട്ടതായ എല്ലാ മറവുകളേയും മനന, ധ്യാനങ്ങളെ കൊണ്ട് നീക്കം ചെയ്യണം. അപ്പോള്‍ ആത്മതത്വമാകുന്ന അമൂല്യ നിധി പുറത്തു വരും. വിലമതിക്കാനാവാത്ത മഹത്തായ നിധിയാണ് ആത്മതത്വം. നമ്മുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഇതിനെ സ്വപ്രയത്നത്താല്‍ കണ്ടെത്തുക തന്നെ വേണം. ആ നിധിയുടെ പൂര്‍ണ്ണ അവകാശി നാം തന്നെയാണ്. നേടിയെടുക്കാന്‍ സദ്ഗുരുവിനും ശാസ്ത്രത്തിനും നമ്മെ സഹായിക്കാനാകും. എന്നിരുന്നാലും പ്രയത്നിക്കേണ്ടത് നമ്മളാണ്.നിരന്തര ആത്മവിചാരത്തിലൂടെ ആത്മനിധിയെ നേടിയെടുക്കുക തന്നെ വേണം. ആത്മചിന്തനയെ സഹായിക്കുന്ന സംവാദം നല്ലതാണ്. എന്നാല്‍ കുതര്ക്കങ്ങളും മറ്റും ഒരിക്കലും സഹായം ചെയ്യില്ല.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: