ന്യൂദല്‍ഹി: ഭൂഖണ്ഡങ്ങള്‍ക്കും അപ്പുറമുള്ള ശത്രുവിനെ പ്രഹരിക്കാന്‍ ആയുധമൊരുക്കാന്‍ തയ്യാറെടുത്ത് ഡിആര്‍ഡിഒ. കപ്പലില്‍ നിന്നും അന്തര്‍വാഹിനിയില്‍ നിന്നും വരെ വിക്ഷേപിക്കാന്‍ കഴിയുന്നതായിരിക്കും ഭാവിയിലെ ആയുധം എന്ന് വിശേഷിപ്പിക്കാവുന്ന ഈ മിസൈല്‍. യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ കൂടാതെ പസഫിക്, പൂര്‍വ ഏഷ്യ എന്നീ തന്ത്ര പ്രധാന മേഖലകളും മിസൈലിന്റെ പ്രഹര പരിധിയില്‍ ഉള്‍പ്പെടും.
വന്‍പ്രഹര ശേഷിയുള്ള കെ4 മിസൈല്‍ അടുത്തിടെ ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഇതിനെ വികസിപ്പിച്ച് പ്രഹരശേഷി കൂടിയ പതിപ്പായിട്ടാകും പുതിയ ആയുധം ഒരുങ്ങുക. 5000 കിലോമീറ്റര്‍ പ്രഹരശേഷിയാണ് പുതിയ ആയുധം നിര്‍മ്മിക്കുമ്പോള്‍ ലക്ഷ്യംവെക്കുന്നത്. നിലവില്‍ ഇന്ത്യ തന്നെ വികസിപ്പിച്ചെടുത്ത ഭൂഖണ്ഡാന്തര മിസൈലായ അഗ്നി 5 ആണ് ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷികൂടി മിസൈല്‍. 5800 കി.മി പ്രഹരശേഷിയാണ് അഗ്നി 5 നുള്ളത്. ഇന്ത്യയെ കൂടാതെ റഷ്യ, അമേിക്ക, ഇറാന്‍, ഉത്തര കൊറിയ എന്നീ രാജ്യങ്ങള്‍ മാത്രമേ ഭൂഖണ്ഡാന്തര മിസൈല്‍ വികസിപ്പിച്ചെടുത്തിട്ടുള്ളു. അഗ്നി 5 നൊപ്പം കെ4ന്റെ വികസിപ്പിച്ച പതിപ്പ്കൂടി എത്തുമ്പോള്‍ ഇന്ത്യന്‍ പ്രതിരോധശക്തി കൂടുതല്‍ കരുത്താര്‍ജ്ജിക്കും.
പുതിയ ആയുധത്തിന്റെ നിര്‍മ്മാണത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം ഡിആര്‍ഡിഒ നടത്തിക്കഴിഞ്ഞു. ഇനി വേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി മാത്രമാണ്. ഇതിനായി പ്രതിരോധ വികസന ഗവേഷണ ഏജന്‍സി കാത്തിരിക്കുകയാണെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
















