ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മതിയാരി ജില്ലയില്‍ കല്ല്യാണ ചടങ്ങിനിടെ ഹിന്ദു പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കി. 24 വയസുള്ള പെണ്‍കുട്ടിയെ ഇസ്ലാമിലേക്ക് മതം മാറ്റിയ ശേഷം മുസ്ലീം യുവാവ് വിവാഹം ചെയ്തു.
തട്ടികൊണ്ടു പോകലും നിര്‍ബന്ധിത മതപരിവര്‍ത്തനവുമാണ് സിന്ധ് പ്രവിശ്യയിലെ പ്രധാന പ്രശ്‌നം. ഭാരതി ബായ് എന്ന പെണ്‍കുട്ടി ഹൈന്ദവ ആചാരപ്രകാരം വിവാഹത്തിന് ഒരുങ്ങുമ്പോഴായിരുന്നു കുറച്ച് പേര്‍ കടന്നു കയറി വന്നതും പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയതും. ഷാരൂഖ് ഗുല്‍ എന്നയാളാണ് മകളെ തട്ടികൊണ്ട് പോയതെന്ന് പിതാവ് കിഷോര്‍ ദാസ് വ്യക്തമാക്കുന്നു.
രണ്ടാഴ്ചക്കുള്ളില്‍ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജാക്കോബാബാദില്‍ നിന്ന് പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ ജനുവരി 15ന് തട്ടികൊണ്ട് പോയിരുന്നു. പിന്നിട് പെണ്‍കുട്ടിയെ നിര്‍ബന്ധിതമായി മതം മാറ്റിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. അലി റാസാ സോളങ്കിയെന്ന മുസ്ലീം യുവാവാണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്.
















