ന്യൂദല്‍ഹി: പുരുഷന്മാരുടെ പരേഡിന് നേതൃത്വം നല്‍കി താരമായി ടാനിയ ഷേര്‍ഗില്‍. ഇത് രണ്ടാം തവണയാണ് 26 കാരിയായ ടാനിയ പുരുഷന്മാരുടെ പരേഡിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലും പുരുഷ സംഘത്തിന്റെ പരേഡിന് വനിത ഓഫീസറാണ് നേതൃത്വം നല്‍കിയത്.
കുഞ്ഞു കുട്ടിയായിരിക്കുമ്പോഴേ താന്‍ സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു. ലിംഗത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലല്ല തനിക്ക് സൈന്യത്തില്‍ പ്രവേശനം ലഭിച്ചത്. മികവിന്റെ അടിസ്ഥാനത്തിലാണെന്ന് ടാനിയ പറഞ്ഞു. പഞ്ചാബ് സ്വദേശിയാണ് ടാനിയ.
ജനുവരി 15 ന് നടത്തിയ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ഓഫീസറായി ടാനിയ ഷെര്‍ഗില്‍ ചരിത്രം കുറിച്ചിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക തലവനായി ജനറല്‍ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായാണ് ആര്‍മ്മി ഡേ ആചരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഭാവന കസ്തൂരി എന്ന ഓഫീസറാണ് പുരുഷ സേനയുടെ പരേഡിന് നേതൃത്വം നല്‍കി ചരിത്രത്തില്‍ ഇടം പിടിച്ചത്. 114 പേരുടെ പരേഡിനാണ് അവര്‍ നേതൃത്വം നല്‍കിയത്.
















