ന്യൂദല്‍ഹി: സമരം ചെയ്യുമ്പോള്‍ മഹാത്മാഗന്ധി സമ്മാനിച്ച അഹിംസാ മന്ത്രം മറന്നുപോകരുതെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. 71-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിനു മുന്നോടിയായി രാഷ്‌ട്രത്തോടായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു രാഷ്‌ട്രപതിയുടെ പരാമര്‍ശം.
നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥ എക്കാലവും നിലനിര്‍ത്താന്‍ അത്ഭുത സിദ്ധിയുള്ള മന്ത്രമാണ് അഹിംസ. അത് പാലിക്കുന്നതിന് എല്ലാവര്‍ക്കും ഒരുപോലെ ബാധ്യതയുണ്ട്. വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം. റിപ്പബ്ലിക്ക് ദിനഘോഷത്തില്‍ വിദേശ രാജ്യങ്ങളുടെ തലവന്മാരും പങ്കെടുക്കാറുണ്ട്. അത് ഈ തത്വം മുന്‍നിര്‍ത്തിയാണ്. റിപ്പബ്ലിക്ക് ദിനാഘോഷത്തിനായി ഇത്തവണ ബ്രസീലിയന്‍ പ്രസിഡന്റ് ബോല്‍സൊനാറോ എത്തിയതില്‍ അതിയായ സന്തോഷവും രാഷ്‌ട്രപതി പങ്കുവച്ചു.
സ്വച്ച് ഭാരത് അഭിയാന്‍, പ്രധാനമന്ത്രി ഉജ്വല്‍ യോജന, കിസാന്‍ സമ്മാന്‍ നിധി, എല്ലാവര്‍ക്കും വീട് – എല്ലാവര്‍ക്കും വൈദ്യുതി പദ്ധതി, ജലശക്തി വകുപ്പിന്റെ രൂപീകരണം, ജല ജീവന്‍ മിഷന്‍, ഒറ്റ രാജ്യം ഒറ്റ നികുതി, ജമ്മു കാശ്മീര്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെവികസന പ്രവര്‍ത്തനങ്ങളുടെ ത്വരിതപ്പെടുത്തല്‍, പ്രധാനമന്ത്രി ജന ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് പദ്ധതി, ജന്‍ ഔഷധി പദ്ധതി തുടങ്ങി മോദി സര്‍ക്കാര്‍ നടപ്പാക്കിയ ഓരോ ജനകീയ പദ്ധതികളെയും അദ്ദേഹം പ്രശംസിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുംരാഷ്‌ട്രപതി റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്നു.
















