ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് ഇന്ത്യക്കാരി അത്യാസന്ന നിലയില്‍. ദല്‍ഹി സ്വദേശിനിയും കലാ അധ്യാപികയുമായ പ്രീത മഹേശ്വരിയാണ് ഷെന്‍ഷെനിലെ ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ചികിത്സയ്‌ക്ക് ഒരു കോടി രൂപയെങ്കിലും വേണം. ഇതിന് ഇന്ത്യയില്‍ പണം സ്വരൂപിച്ചു തുടങ്ങി.
ചൈനയിലെ ഷെന്‍ഷെനിലുള്ള അന്താരാഷ്‌ട്ര ശാസ്ത്ര സാങ്കേതിക സ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ കലാഅധ്യാപികയാണ് പ്രീതി മഹേശ്വരി. ടൈപ്പ് വണ്‍ കൊറോണ ന്യുമോണിയയാണ് പിടിച്ചത്. മികച്ച ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമെങ്കില്‍ ഇന്ത്യയിലേക്ക് അവരെ എത്തിക്കാനും പദ്ധതിയുണ്ട്. അത്യാസന്ന നിലയിലുള്ള അവരുടെ ചികിത്സയ്‌ക്ക് ചൈനയില്‍ ഒരു കോടി രൂപയെങ്കിലും (പത്തു ലക്ഷം യുവാന്‍) വേണ്ടിവരുമെന്ന് ബന്ധുക്കള്‍ പറയുന്നു.
പണം കണ്ടെത്താന്‍ ഒരു വഴിയുമില്ലാതെ ബന്ധുക്കള്‍ ഇന്ത്യയിലുള്ളവരുടെ സഹായം തേടി. ബെംഗളൂരുവിലെ ആമസോണ്‍ ജീവനക്കാരനായ സഹോദരന്‍ മനീഷ് ഥാപ്പ ബീജിങ്ങിലെ ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. മഹേശ്വരിക്ക് ശ്വാസ തടമുണ്ട്, പല അവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായി. വെന്റിലേറ്ററിലാണ്. പതിനേഴു വര്‍ഷമായി അവര്‍ ചൈനയിലാണെങ്കിലും പൗരത്വമോ ഒന്നും അവര്‍ക്ക് ലഭിക്കില്ല. ചൈനീസ് നിയമപ്രകാരം വിദേശികള്‍ക്ക് ഒരു തരത്തിലും പൗരത്വം നല്‍കില്ല. അതിനാല്‍,അവര്‍ക്ക് പൊതു ചികിത്സാ സൗകര്യങ്ങളും കിട്ടില്ല.
















