പരിശുദ്ധ പ്രവാചകന്റെ പത്നിമാരില്‍ ഒരാളുടെ പേര് ഹിന്ദ് എന്നായിരുന്നു. പ്രവാചകന് ഒരിക്കല്‍ മൊഴിഞ്ഞുവത്രെ ”നിന്റെ പേരുള്ള രാജ്യം അനുഗ്രഹീതമാകട്ടെ.”
ചരിത്രാതീത കാലം മുതല്‍ക്ക് ഭാരതം ഹിന്ദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഹിന്ദു സമുദ്രം എന്നത് ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടലിന്റെ പേരാണ്. ഇന്ത്യയില്‍നിന്ന് ഹജ്ജിന് പോകുന്ന മുസ്ലിം തീര്‍ത്ഥാടകര്‍ ഹിന്ദു മുസ്ലിം എന്നാണ് സൗദി അറേബ്യയില്‍ അറിയപ്പെട്ടിരുന്നത്. ഹിമാലയത്തിന്റെയും ഹിന്ദു സമുദ്രത്തിന്റെയും ഇടയിലുള്ള ഭൂപ്രദേശത്ത് ജനിച്ചുവളരുന്നവരാണ് ഹിന്ദുക്കള്‍. അവരില്‍ വിവിധ ആരാധനാ സമ്പ്രദായങ്ങള്‍, വേഷരീതികള്‍, ഭാഷ, ഭക്ഷണം എന്നിവ അനുഷ്ഠിച്ച് പോരുന്നവരുണ്ട്. പക്ഷേ അവര്‍ ഒരു പൊതു സംസ്കാരത്തിന്റെ ഉടമകളാണ്. അതുകൊണ്ടാണ് അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകരെ സ്വീകരിച്ചാനയിച്ച് അവര്‍ക്കുവേണ്ട യാത്രാ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്ന ചുമതല കശ്മീരിലെ മുസ്ലിം സഹോദരന്മാര് ചെയ്തു പോന്നത്. ശങ്കരാചാര്യര്‍ സര്‍വജ്ഞപീഠം കയറിയത് മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിലാണ്.
ഈ പൈതൃകവും സംസ്കാരവും നഷ്ടപ്പെട്ടത,് പ്രവാചകന്റെ അനുഗ്രഹം കൂടി നേടാന്‍ ഭാഗ്യം കിട്ടിയ ഈ പുണ്യഭൂമി അദ്ദേഹത്തെ അനുസരിക്കുന്നു എന്ന് അവകാശപ്പെടുന്നവരുടെ ആവശ്യപ്രകാരം മതത്തിന്റെ പേരില്‍ മാത്രം വിഭജിക്കപ്പെട്ടേപ്പോഴാണ്. ഹിന്ദുക്കളുമായി ഒരിക്കലും ഒത്തുപോകാന്‍ കഴിയുകയില്ല എന്ന അവരില്‍ ചിലരുടെ ഹ്രസ്വ മനസ്ഥിതിയാണ് വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടേയും പാപത്തിന്റെയും സൃഷ്ടിയായ പാക്കിസ്ഥാന്റെ രൂപീകരണത്തിന് വഴിവച്ചത്. അതിനെ എതിര്‍ത്ത മൗലാന അബ്ദുള്‍ കലാം, ഖാന് അബ്ദുള്‍ ഖാഫര് ഖാന് എന്നിവരെ കാഫിറുകള്‍ എന്നു പറഞ്ഞാണ് പാക്കിസ്ഥാന്റെ പ്രയോക്താക്കള്‍ ആക്ഷേപിച്ചിരുന്നത്. ഹിന്ദുവും മുസ്ലിമും തന്റെ രണ്ടു കണ്ണുകള്‍ പോലെയാണെന്നും തന്റെ ശവശരീരത്തില്‍ ചവിട്ടി മാത്രമേ രാജ്യം വെട്ടിമുറിക്കപ്പെടൂ എന്നും ഗാന്ധിജി പറഞ്ഞിരുന്നു. എന്നാല്‍ മുഹമ്മദാലി ജിന്ന പറഞ്ഞത്, ഏറ്റവും മ്ലേഛനായ മുസ്ലിം പോലും ഏറ്റവും നല്ലവരായ ഹിന്ദുവിനേക്കാള്‍ ഭേദമാണെന്നാണ്. വിദ്വേഷത്തിന്റെയും മതസ്പര്‍ദ്ധയുടെയും വേലിയേറ്റത്തെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിന് കഴിഞ്ഞില്ല. ഇന്നും ആ പേര് നിലനിര്‍ത്തുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗും അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും മാത്രമായിരുന്നു വിഭജനത്തെ അനുകൂലിച്ചത്. കോണ്‍ഗ്രസ്സിന്റെ ബലഹീനത മൂലം, നിരപരാധികളായ ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും സ്വത്തും മാനവും നഷ്ടപ്പെട്ട് ഇന്ത്യയില്‍ അഭയം തേടി. രാജ്യത്തിന്റെ പല ഭാഗത്തും ചോരപ്പുഴകള്‍ ഒഴുകി. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നാം ശ്വസിച്ചത് ശോകമൂകമായ അന്തരീക്ഷത്തിലായിരുന്നു.
ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഒരു പ്രമേയം പാസ്സാക്കി. പ്രമേയത്തില്‍ ഇങ്ങനെ പറയുന്നു: ”നമ്മുടെ രാജ്യത്തിന്റെ വിഭജനത്തിന് ശേഷം ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം അനുഭവിക്കുന്നുണ്ട്. നിര്ഭാഗ്യവാന്മാരായ അവര്‍ നമ്മുടെ രാജ്യത്ത് അഭയംതേടാന്‍ പ്രേരിപ്പിക്കപ്പെടുന്നുണ്ടെങ്കില് അവര്‍ക്കു പൗരത്വം നല്‍കുന്നതിന് ഉദാരമായ സമീപനം സ്വീകരിക്കേണ്ടതു നമ്മുടെ ധാര്‍മികമായ കടമയാണ്.”
ഇന്നിപ്പോള്‍ എന്തുകൊണ്ടാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് മനംമാറ്റം ഉണ്ടായത്? രാജ്യസഭാംഗമായ അവസരത്തില്‍ മന്മോഹന് സിങും (അദ്ദേഹവും, പിന്നീട് പാക്കിസ്ഥാനായിത്തീര്‍ന്ന സ്ഥലത്ത് ജനിച്ചുവളര്‍ന്ന ആളാണ്) കര്‍ക്കശമായും ഹിന്ദു ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കണമെന്ന് ശക്തമായി വാദിച്ചിരുന്നു. 2012 ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയും ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി. 2014-ല്‍ ആസ്സാം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗോഗോയിയും ഇതേ ആവശ്യം ഉന്നയിച്ചു പ്രധാനമന്ത്രിക്ക് കത്തെഴുതി. അദ്ദേഹത്തിന്റെ സംസ്ഥാനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് ആസ്സാം തന്നെ രാജ്യത്തിന്റെ ഭാഗമല്ലാതാകും എന്ന സ്ഥിതി വിശേഷമാണ്. യേഹിയാഖാന്റെ പട്ടാളക്കാരുടെയും മറ്റു ക്രൂരന്മാരായ ബംഗ്ലാദേശികളുടെയും ബലാത്സംഗത്തിന് നിരവധി ഹിന്ദു സ്ത്രീകള്‍ വിധേയമാക്കപ്പെട്ടു. വീടും നിലനില്‍പ്പും നഷ്ടപ്പെട്ട അവര്‍ മാനമെങ്കിലും സംരക്ഷിക്കാന്‍ ഇന്ത്യയില്‍ അഭയം തേടി. കൊല്‍ക്കത്തയില്‍ മദര്‍ തെരേസ അടക്കം അവര്‍ക്കുവേണ്ടി പ്രത്യേകം ശുശ്രൂഷാ കേന്ദ്രങ്ങള്‍ തുറന്നു. അവസരം മുതലാക്കി പാക്കിസ്ഥാന് സേനയുടെ സഹായത്തോടുകൂടി ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന ആസ്സാമിലെ നാല് ജില്ലകളില്‍ വ്യാപകമായ അതിക്രമം നടത്തി കാടും കൃഷിയിടങ്ങളും കയ്യേറി. ഇത് ആകസ്മികമായുണ്ടായതല്ല എന്ന് സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെയും സാക്ഷാല്‍ മുജിബുള്‍ റഹ്മാന്റേയും വാക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. സംഘടിതമായ ഒരു പദ്ധതിയുടെ ഭാഗമായിരുന്നു ഈ അതിക്രമിച്ചുള്ള കയ്യേറ്റം. ”മിത്സ് ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്’ എന്ന തന്റെ പുസ്തകത്തില്‍ ഭൂട്ടോ ഇങ്ങനെ പറയുന്നു:”കശ്മീര്‍ മാത്രമാണ് ഇന്ത്യയേയും പാക്കിസ്ഥാനേയും വിഭജിക്കുന്ന തര്‍ക്കം എന്നു പറയുന്നത് ശരിയായിരിക്കില്ല. കശ്മീര്‍ തര്‍ക്കം പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് ആസ്സാമും കിഴക്കന്‍ പാക്കിസ്ഥാനോട് ചേര്‍ന്നു കിടക്കുന്ന ഇന്ത്യന്‍ ജില്ലകളും. ഇവിടെയും പാക്കിസ്ഥാന് ശക്തമായ അവകാശമുണ്ട്.” ഷെയ്ക്ക് മുജിബുള്‍ റഹ്മാനും തന്റെ പുസ്തകത്തില്‍ ഇതേ അഭിപ്രായം പറഞ്ഞു.
”കിഴക്കന്‍ പാക്കിസ്ഥാന് അതിന്റെ വികാസത്തിനു മതിയായ ഭൂമി വേണം. ആസ്സാമില്‍ ഇഷ്ടംപോലെ കാടുകളും ധാതുവസ്തുക്കളും കര്‍ക്കരി, എണ്ണ തുടങ്ങിയവയും ഉണ്ട്. സാമ്പത്തികമായും ധനപരമായും കിഴക്കന്‍ പാക്കിസ്ഥാന് ശക്തിപ്പെടണമെങ്കില്‍ ആസ്സാമിനെ അതിലുള്‍പ്പെടുത്തണം.”
അപ്പോള്‍ ഈ ലക്ഷ്യപ്രാപ്തിക്കായി രൂപീകരിച്ച പദ്ധതിയുടെ ഭാഗമായുള്ള കയ്യേറ്റങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ ഭാഗങ്ങള്‍ അനധികൃതമായി വെട്ടിപ്പിടിക്കുന്നതിന് തുല്യമല്ലേ? അസ്വസ്ഥരായ ആസ്സാം ജനത്തിനുവേണ്ടി 1985 ല്‍ രാജീവ് ഗാന്ധിയാണ് ആസ്സാം കരാര്‍ ഉണ്ടാക്കിയത്. അതേ വര്‍ഷം തന്നെ 65-ാം നിയമം വഴി നമ്മുടെ പൗരത്വനിയമത്തില്‍ 6എ വകുപ്പ് കൂട്ടിച്ചേര്‍ക്കപ്പെട്ടു. ആസ്സാമിലെ എല്ലാ പൗരന്മാരും നിര്‍ബന്ധമായും പൗരത്വം രജിസ്റ്റര്‍ ചെയ്യണമെന്ന്. പക്ഷേ ഇതു നടപ്പാക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് വൈമുഖ്യമുണ്ടായിരുന്നു. അതിന്റെ ഭവിഷ്യത്ത് 1998 ല്‍ യുപിഎ സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന സിപിഐക്കാരന് ഇന്ദ്രജിത് ഗുപ്ത സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ആസ്സാമിലെ മുസ്ലിം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ച് 77% ആയി ഉയര്‍ന്നു. രാജ്യത്തെ ശരാശരിയെക്കാള്‍ എത്രയോ ഉയര്‍ന്നതാണിത്. അന്നത്തെ ആസ്സാം ഗവര്‍ണര്‍ ലെഫ്റ്റ്. ജനറല്‍ എസ്.കെ. സിങ്ങും സുപ്രീംകോടതിയോട് പറഞ്ഞു. ആസ്സാമിലെ സ്ഥിതിഗതികള്‍ ഭയാനകമാണ്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റം കാരണം പാക്കിസ്ഥാന്റെ ഐഎസ്ഐ, ചെറുപ്പക്കാരെ ഭീകരപ്രവര്‍ത്തനത്തിന് വിനിയോഗിക്കുന്നു. അവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ ആയുധ പരിശീലനം നല്കുന്നു, കശ്മീരിലും. ഇവരെ ഉടന്‍ പുറത്താക്കിയില്ലെങ്കില്‍ രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാവും. ചില രാഷ്ട്രീയ കക്ഷികള്‍ വച്ചുപുലര്‍ത്തുന്ന മതേതരം എന്ന പദത്തിന്റെ വികലമായ സമീപനവും വോട്ടുബാങ്ക് രാഷ്ട്രീയവുമാണ് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നത്.
സുപ്രീം കോടതി ഈ റിപ്പോര്‍ട്ടുകള്‍ അംഗീകരിച്ചുകൊണ്ട് അന്നത്തെ കേന്ദ്ര സര്‍ക്കാരിന് കര്‍ക്കശ നിര്‍ദ്ദേശം നല്കി. ബംഗ്ലാദേശ് ഭാരത അതിര്‍ത്തികള്‍ വേലികെട്ടി വേര്‍തിരിക്കണം. ആസ്സാം കരാര്‍ കൃത്യമായി നടപ്പാക്കണം. അനധികൃത ബംഗ്ലാദേശികളെ തിരഞ്ഞുപിടിച്ച് പുറത്താക്കേണ്ടത് കേന്ദ്ര ത്തിന്റെ ചുമതലയാണ്. അവര്‍ക്ക് ഈ രാജ്യത്തെ ഒരു നിയമത്തിന്റെയും പിന്‍ബലമില്ല. പക്ഷേ വിധി ജലരേഖയായി. കോണ്‍ഗ്രസ്സും യുപിഎ സര്‍ക്കാരുകളും ബംഗ്ലാദേശി വോട്ടുബാങ്കിന്റെ പിന്‍ബലത്തില്‍ ആസ്സാമിലും ബംഗാളിലും സീറ്റുകള്‍ നേടിത്തുടങ്ങി. ആസ്സാം ജനങ്ങളുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയത്. കാര്യങ്ങളിങ്ങനെ പോയാല്‍ ആസ്സാം ഇന്ത്യയുടെ ഭാഗമല്ലാതായിത്തീരുന്നത് അനതിവിദൂര ഭാവിയില്‍ തന്നെ ഉണ്ടാകുമെന്ന്.
അപ്പോള്‍ സുപ്രീംകോടതി വിധിയുണ്ടായിട്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും ഇപ്പോഴത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റും മലക്കം മറിയുന്നതിന്റെ കാരണമെന്താണ്? ഉത്തരം വ്യക്തം. ബംഗ്ലാദേശില്‍നിന്നുള്ള അതിക്രമികളുടെ ലക്ഷക്കണക്കിനുള്ള വോട്ടുകള്‍ അവര്‍ക്ക് നഷ്ടപ്പെടും. കുടിയേറ്റിയ ബംഗ്ലാദേശികളുടെ വോട്ടും നഷ്ടപ്പെടും. ഹിന്ദു അഭയാര്‍ത്ഥികളുടെ വോട്ടുകള്‍ ലഭിക്കുമെന്ന് ഉറപ്പുമില്ല. പൗരത്വഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ്സ്- മാര്‍ക്്സിസ്റ്റ് -ലീഗ് (കോമാലീ) സഖ്യം രൂപീകരിച്ചതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ വ്യക്തമായി പിടികിട്ടിക്കൊണ്ടിരിക്കുകയാണ്. യോജിച്ച സമരങ്ങളില്‍നിന്ന് കോണ്‍ഗ്രസ്സ് പിന്മാറുന്നു. ആര്യാടന് മുഹമ്മദിന്റെ വാക്കുകളും ശ്രദ്ധേയമാണ്. ഒരു ഘട്ടത്തില്‍ തെറ്റിദ്ധരിക്കപ്പെട്ട ജനവിഭാഗം യഥാര്‍ത്ഥ സത്യങ്ങള്‍ അംഗീകരിക്കാന്‍ തുടങ്ങിയെന്ന ബോധോദയം ഈ കക്ഷികളില്‍ നിഴലിച്ച് തുടങ്ങിയിരിക്കുന്നു. സ്വാഗതാര്‍ഹമായ മനംമാറ്റത്തിന്റെ പ്രേരകശക്തി ഇതാണ്.
മുസ്ലിംലീഗിന് ഒന്നും നഷ്ടപ്പെടാനില്ല. പാക്കിസ്ഥാന് രൂപീകരണത്തിന് വാദിച്ച് ആ പേര് രാഷ്ട്രീയ കക്ഷി എന്ന നിലയില്‍ നിലനിര്‍ത്താനും തെരഞ്ഞെടുപ്പു കമ്മീഷനെക്കൊണ്ട് അംഗീകരിപ്പിക്കാനുമായത് ലീഗിന്റെ നേതൃപാടവത്തിന്റെ മികവ് കാണിക്കുന്നു. ഇന്നിപ്പോള്‍ മലബാര്‍ പ്രദേശത്തെ രാഷ്ട്രീയ മുടിചൂടാമന്നന്മാരായി പാക്കിസ്ഥാന് രൂപീകരണക്കാര്‍ വാഴുന്നു. കേരളത്തിലെ പത്താം നമ്പര്‍ ജന്‍പഥ് പാണക്കാടായി മാറിയിരിക്കുന്നു. കോഴിക്കോട്ടെ ടി.സി. സിദ്ദിഖും കെ.സി. അബുവും ഒരിക്കലും കോണ്‍ഗ്രസ്സിന്റെ മുന്‍നിര നേതാക്കളാകരുതെന്ന ലീഗിന്റെ വാശിക്കുമുമ്പില്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് അടിയറവ് പറയേണ്ടിവന്നിരിക്കുന്നു. അമേഠിയില്‍ പരാജയപ്പെട്ട രാഹുല്‍ഗാന്ധിയുടെ വയനാട് എംപി സ്ഥാനം ലീഗിന്റെ ഔദാര്യമാണ്. ഖിലാഫത്ത് കാലത്തെ മനഃസ്ഥിതി പുനരുജ്ജീവിപ്പിച്ചു എന്ന് ലീഗുകാര്‍ വീമ്പടിക്കുമ്പോള്‍ തകരുന്നത് കോണ്‍ഗ്രസ്സുകാരാണ്.
ഇന്ത്യയില്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ്സ്, വിഭജനത്തിന് സമ്മതം മൂളിയപ്പോള്‍ ബര്‍മ്മയില്‍ റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്ക് ഭരണക്കാരായ ബ്രിട്ടീഷുകാരുടെ സഹായം ഉണ്ടായിട്ടും പ്രത്യേക മുസ്ലിം രാഷ്ട്രം എന്ന വാദം തള്ളിക്കളയപ്പെട്ടു. രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഇവരെ ബൊക്കെയും മാലയും കൊടുത്ത് ഇന്ത്യ സ്വീകരിക്കണമെന്നാണ് മുസ്ലിം ലീഗിന്റെ വാദം. കോണ്‍ഗ്രസ്സും സിപിഎമ്മും ഇതിനോട് യോജിക്കുന്നു. സുന്നി – ഷിയാ തര്‍ക്കം പരിശുദ്ധ പ്രവാചകന്റെ മരണത്തെത്തുടര്‍ന്ന് ഉടലെടുത്തതാണ്. അതിനെ മതപരമായ പീഡനം എന്ന് വിശേഷിപ്പിക്കുന്നത് അര്‍ത്ഥശൂന്യമാണ്. ചൈനയിലോ ശ്രീലങ്കയിലോ ഒരിക്കലും മതപരമായ പീഡനം ഉണ്ടായിട്ടില്ല. ഉള്ളത് വംശീയമാണ്. മറിച്ച് അഫ്ഗാനിസ്ഥാനില്‍ ഹിന്ദുക്കളും സിഖുകാരും മതപരമായി പീഡിപ്പിക്കപ്പെടുന്നുവെന്നുള്ളത് മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തുറന്ന് സമ്മതിച്ചിട്ടുണ്ട്. അപ്പോള്‍ 1947 നു ശേഷം ഭരണഘടനയുടെ 9-ാം അനുച്ഛേദപ്രകാരം പൗരത്വം നഷ്ടപ്പെട്ട പാക്കിസ്ഥാന് ബംഗ്ലാദേശ് അതിക്രമക്കാരെ അഭയാര്‍ത്ഥികളായി ഭാരതത്തിലെത്തിയ നിസ്സഹായരുടെ പട്ടികയില്പ്പെടുത്തുന്നതിന് എന്ത് ന്യായമാണുള്ളത്? അവര്‍ സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാമിക സ്വര്‍ഗ്ഗം നേടി പോയവരാണ്. പീഡിപ്പിച്ചവരും പീഡിപ്പിക്കപ്പെട്ടവരും ഒരേ തരംതിരിവില്‍ പെടുകയില്ല. മൗലാന അബ്ദുള്‍ കലാം ആസാദ് പറഞ്ഞത്, വിഭജനത്തോടുകൂടി രാജ്യത്തിലുണ്ടായിരുന്ന അഴുക്ക് പുറത്തുപോയി എന്നാണ്. ഈ അഴുക്ക് തിരിച്ചുകൊണ്ടുവരണമെന്നാണ് മുസ്ലിം സംഘടനകള്‍ ജിഹാദി മാര്‍ഗ്ഗത്തിലൂടെ ആവശ്യപ്പെടുന്നത്. അവരുടെ യഥാര്‍ത്ഥ ലക്ഷ്യം മറ്റെന്തൊക്കെയാണെന്ന് ജനങ്ങള്‍ക്ക് മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പുനര്‍വിചിന്തനത്തിന് ശ്രമിക്കുന്നത്. അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ദളിതരായതുകൊണ്ട് ബിഎസ്പിയും വിട്ടുനില്‍ക്കുന്നു.
നിര്‍ഭാഗ്യവശാല്‍, മേല്‍ പ്രസ്താവിച്ച നിഷേധിക്കാന്‍ പറ്റാത്ത സത്യങ്ങള്‍ ജനങ്ങളെ കൃത്യമായി ധരിപ്പിക്കുന്നതില്‍ അതിന് ബാധ്യതയുള്ള സംഘടനകള്‍ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയക്കാരെ അവലംബിക്കാതെ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ രംഗത്തിറങ്ങേണ്ട സമയമായി. 1947ല്‍ ഒരിക്കലും ഉണങ്ങാത്ത മുറിവുണ്ടാക്കിയയതുപോലുള്ള മറ്റൊരു വിഭജനത്തിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ് രാജ്യം. ”പത്തണയ്ക്ക് കത്തി വാങ്ങി കുത്തി വാങ്ങി പാക്കിസ്ഥാന്” എന്നതിന് സമാനമായ മുദ്രാവാക്യങ്ങള്‍ കേരളത്തിന്റെ പല ഭാഗത്തും മുഴങ്ങി കേള്‍ക്കുന്നു. ഇനിയും ഒരു വിഭജനം ഈ രാജ്യത്തിന് താങ്ങാനാകുമോ? യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ തീരുമാനിക്കട്ടെ.
(ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: