ന്യൂദല്‍ഹി: സഞ്ചാരികള്‍ക്ക് പ്രോത്സാഹനവുമായി കേന്ദ്രസര്‍ക്കാരിന്റെ പരിയാതന്‍ പര്‍വ് പദ്ധതി. പദ്ധതി പ്രകാരം വര്‍ഷത്തില്‍ 15 സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ യാത്രാ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. 2022 നുള്ളില്‍ ഇതര സംസ്ഥാനങ്ങളിലെ 15 സ്ഥലങ്ങളിലാണ് സന്ദര്‍ശിക്കേണ്ടത്. പദ്ധതിയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിയാതന്‍ പര്‍വ് പദ്ധതി ആരംഭിക്കുന്നത്. 2022 ഓടെ ഒരാള്‍ ചുരുങ്ങിയത് 15 പ്രാദേശിക ഇന്ത്യന്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എങ്കിലും സന്ദര്‍ശിക്കണം എന്നതാണ് ലക്ഷ്യമെന്ന് കേന്ദ്ര ടൂറിസംവകുപ്പ് മന്ത്രി കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പാട്ടീല്‍ വ്യക്തമാക്കി. ധന നേട്ടത്തിനായുള്ള പദ്ധതിയായിട്ടല്ല മറിച്ച് ഒരു പ്രോത്സാഹനമായി കാണണമെന്നും അദ്ദേഹം പറഞ്ഞു.

ഒഡീഷയിലെ കൊണാര്‍ക്കില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ടൂറിസം സമ്മേളനത്തിലാണ് പദ്ധതിയെ കുറിച്ചുള്ള സൂചനകള്‍ കേന്ദ്ര ടൂറിസം മന്ത്രി നല്‍കിയത്. പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്യുന്നവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനൊപ്പം ടൂറിസം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കുവാനുള്ള ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി നല്‍കണം എന്നതാണ് പ്രധാന നിബന്ധന.
















