ന്യൂദല്‍ഹി: കള്ളവോട്ട് തടയാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തില്‍ ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് നിയമമന്ത്രാലയം പ്രധാനമന്ത്രി അധ്യക്ഷനായ സമിതിക്ക് റിപ്പോര്‍ട്ട് നല്‍കും. ഇത് പഠിച്ച് നിയമനിര്‍മാണത്തിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. നിര്‍ദിഷ്ട ഭേദഗതിയനുസരിച്ച് പൗരന്മാര്‍ തങ്ങളുടെ ആധാര്‍നമ്പര്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പുകമ്മിഷന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍മാരുടെ ആധാര്‍വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പദ്ധതി 2015 ല്‍ ആരംഭിച്ചിരുന്നെങ്കിലും കോടതി ഇടപെട്ട് അതിനെ മരവിപ്പിച്ചിരുന്നു. ആധാര്‍ ചോദിക്കുന്നതിന് നിയമസാധുതയില്ലെന്നായിരുന്നു കോടതി വിധി. ആധാര്‍കാര്‍ഡ് പൗരന്മാര്‍ക്ക് ഏതെങ്കിലും സേവനം ലഭ്യമാകുന്നതിനുള്ള മാനദണ്ഡമാവില്ലെന്ന സുപ്രീംകോടതി കണ്ടെത്തിയിരുന്നു. പഴയ നിര്‍ദേശത്തെ ഉയര്‍ത്തികാട്ടി സുപ്രീംകോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയെ ആസ്പദമാക്കിയായിരുന്നു അന്ന് കോടതി ഉത്തരവിറക്കിയത്.
















