ന്യൂദല്‍ഹി: രാജ്യത്തിന്റെ 71ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കൊരുങ്ങി രാജ്യം. രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചെത്തിയ ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സോനാറോയ്‌ക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ബ്രസീല്‍ പ്രസിഡന്റിനെയും മന്ത്രിതല സംഘത്തെയും പാലം ടെക്‌നിക്കല്‍ വിമാനത്താവളത്തില്‍ കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ സ്വീകരിച്ചു. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാഷ്‌ട്രത്തിന് റിപ്പബ്‌ളിക് ദിനസന്ദേശം നല്‍കും. വൈകിട്ട് 7ന് നടത്തുന്ന പ്രസംഗം ആകാശവാണിയും ദൂരദര്‍ശനും സംപ്രേഷണം ചെയ്യും.
ബ്രസീല്‍ പ്രസിഡന്റായ ശേഷം ജൈര്‍ ബോല്‍സോനാറോ നടത്തുന്ന ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. അദ്ദേഹത്തോടൊപ്പം ഏഴു മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വ്യവസായികളുമാണ് എത്തിയിട്ടുള്ളത്. ബ്രസീല്‍ പ്രസിഡന്റിനും സംഘത്തിനും ഇന്ന് രാഷ്‌ട്രപതി ഭവനില്‍ ഔദ്യോഗിക വിരുന്ന് ഒരുക്കിയിട്ടുണ്ട്. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബ്രസീല്‍ പ്രസിഡന്റ് കൂടിക്കാഴ്‌ച്ച നടത്തും. 27ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡു, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായുള്ള കൂടിക്കാഴ്‌ച്ച . ഇന്ത്യ ബ്രസീല്‍ വ്യവസായി സമ്മേളനത്തെ പ്രസിഡന്റ്് ജൈര്‍ ബോല്‍സോനാറോ അഭിസംബോധന ചെയ്ത് സംസാരിക്കും.നേരത്തെ 1996 ലും 2004 ലും റിപ്പബ്ലിക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റുമാര്‍ മുഖ്യ അതിഥികളായി ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
ഇന്ത്യയും ബ്രസീലും തമ്മിലുള്ളത് ഏറെ ഊഷ്മളമായ ഉഭയകക്ഷി ബന്ധമാണെന്ന് ബ്രസീല്‍ പ്രസിഡന്റിനെ സ്വീകരിച്ച കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ജൈര്‍ ബോല്‍സോനാറോ യുടെ സന്ദര്‍ശനത്തിന് സാധിക്കും, അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനത്തും പ്രധാന നഗരങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ട അടക്കമുള്ള സുപ്രധാന കേന്ദ്രങ്ങളില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് വടക്കേന്ത്യന്‍ നഗരങ്ങളിലാകെ ശക്തമായ നിരീക്ഷണമാണ് സുരക്ഷാ സേനകള്‍ നടത്തുന്നത്.
















