ന്യൂദല്‍ഹി : പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ അക്രമ സംഭവങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ കര്‍ശ്ശന നടപടികള്‍ കൈക്കൊള്ളണമെന്ന് രാഷ്‌ട്രപതിക്ക് കത്ത് നല്‍കി പ്രമുഖര്‍. മുന്‍ ജഡ്ജിമാര്‍, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍, സിവില്‍ സര്‍വീസുകാര്‍ തുടങ്ങിയ 154 പ്രമുഖരാണ് രാഷ്‌ട്രപതിക്ക് കത്ത് കൈമാറിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയുടെ മറവില്‍ രാജ്യത്ത് അക്രമങ്ങള്‍ അഴിച്ചുവിട്ടിരിക്കുകയാണ്. പൊതുമുതല്‍ നശിപ്പിച്ച് പൊതുജനങ്ങള്‍ക്കും സര്‍ക്കാരിനും നഷ്ടം ഉണ്ടാക്കുന്നതുമാണ് ഇവരുടെ പ്രവര്‍ത്തി. ഇതിനെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്‌ട്രപതിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി ഇവര്‍ കത്ത് കൈമാറുകയായിരുന്നു.
സിഎഎയ്‌ക്കും എന്‍ആര്‍സിക്കും എതിരെ വിവിധ വിഭാഗങ്ങളില്‍ നിന്ന് വിയോജിപ്പിന്റെ ശബ്ദങ്ങള്‍ ഉയര്‍ന്നുവന്നിനു പിന്നാലെയാണ് പിന്തുണയുമായി സംഘം എത്തിയിരിക്കുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി ഇത്തരം അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇവര്‍ കോവിന്ദിനോട് അഭ്യര്‍ത്ഥിച്ചു.
സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനും മുന്‍ ജഡ്ജിയുമായ പെര്‍മോദ് കോലിയുടെ നേതൃത്വത്തിലാണ് രാഷ്‌ട്രപതിയെ നേരിട്ട് കണ്ട് കത്ത് നല്‍കിയത്. രാജ്യത്തെ വിഭജിക്കുകയും ഭരണഘടനയുടെ അന്തസത്ത തകര്‍ക്കുകയും ചെയ്യുന്നതാണിതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമായാണ് നടന്നുവരുന്നതെന്നും ഇവര്‍ ആരോപിച്ചു.
















