ന്യൂദല്‍ഹി: ദേശീയ ബാലപുരസ്‌ക്കാരങ്ങള്‍ നേടിയ കുട്ടികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച മോദി അവരാണ് തന്റെ പ്രചോദനമെന്ന് പറഞ്ഞു. നിങ്ങളില്‍ നിന്നാണ് എനിക്ക് പ്രചോദനവും ഊര്‍ജ്ജവും ലഭിക്കുന്നത്. നിങ്ങള്‍ സമൂഹത്തോടും രാജ്യത്തോടും ഉള്ള കടമ നിറവേറ്റുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
ഓേരാ മേഖലയിലും നിങ്ങള്‍ ഈ ചെറു പ്രായത്തില്‍ നടത്തിയ പ്രവര്‍ത്തനം, അത് അത്ഭുതകരമാണ്. നിങ്ങളുടെ ഇത്തരം ധീരപ്രവര്‍ത്തനങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍, നിങ്ങളോട് സംസാരിക്കുമ്പോള്‍, എനിക്ക് പ്രചോദനവും ഊര്‍ജ്ജവും ലഭിക്കുകയാണ്. അദ്ദേഹം പറഞ്ഞു. ശാരീരികമായി എപ്പോഴും ഊര്‍ജ്ജസ്വലരായി ഇരിക്കാന്‍ അവരെ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി അതിന് ധാരാളം വെള്ളം കുടിക്കാനും പറഞ്ഞു. സാമൂഹ്യ സേവനം, കണ്ടുപിടിത്തങ്ങള്‍, കായികം, കല, സംസ്‌ക്കാരം, ധീരത തുടങ്ങിയ വിവിധ മേഖലകളില്‍ അമൂല്യമായ സംഭാവനകള്‍ നല്‍കിയ അഞ്ചു മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കാണ് പ്രധാനമന്ത്രി ബാലപുരസ്‌ക്കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശംസാ പത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
മജീഷ്യന്‍ ദര്‍ശ മലാനി, തബലയില്‍ അത്ഭുതം വിരിയിച്ച മനോജ്
49 കുട്ടികളാണ് പ്രധാനമന്ത്രിയുടെ ബാലപുരസ്‌ക്കാരം ഏറ്റുവാങ്ങിയത്. ലോകമെമ്പാടുമായി അന്‍പതിലേറെ മാജിക് ഷോകള്‍ നടത്തിയ 12 വയസുകാരന്‍ ദര്‍ശ മലാനിയും തബല വാദനത്തില്‍ അതിശയങ്ങള്‍ സൃഷ്ടിച്ച മനോജ് കുമാര്‍ ലോഹറും പുസ്‌ക്കാരങ്ങള്‍ നേടിയവരില്‍ പെടുന്നു.
















