ദാവോസ്: ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലേക്കും ലുലുഗ്രൂപ്പ് ചുവടുറപ്പിക്കുന്നു. ഷോപ്പിങ് മാള്‍, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യസംസ്‌കരണം എന്നീ മേഖലകളില്‍ സംസ്ഥാനത്ത് 2,200 കോടി രൂപ (300 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.
ദാവോസില്‍ നടക്കുന്ന ലോകസാമ്പത്തിക ഫോറത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യൂസഫലി ഇത് അറിയിച്ചത്. ബെംഗളൂരുവിലെ രാജാജിനഗറില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ലുലു മാള്‍ ഈ വര്‍ഷം ആഗസ്‌തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റായിരിക്കും മാളിന്റെ മുഖ്യ ആകര്‍ഷണം. ബെംഗളൂരുവിലെ ഷോപ്പിങ്മാള്‍ കൂടാതെ രണ്ട് നക്ഷത്ര ഹോട്ടലുകളും ബംഗളൂരുവില്‍ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ട്വന്റിഫോര്‍ട്ടി ഹോള്‍ഡിംഗ്‌സ് ആരംഭിക്കുന്നുണ്ട്.
ഉത്തര കാനറയിലും ബംഗളൂരുവിലുമായിട്ടാണ് ലോജിസ്റ്റിക് സെന്റര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും യൂസഫലി അറിയിച്ചു.നിക്ഷേപകര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം നവംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ ബെംഗളൂരുവില്‍ നടക്കുന്ന ആഗോളനിക്ഷേപക സമ്മേളനത്തിലേക്കുള്ള ക്ഷണപത്രിക
ബി.എസ്. യെദിയുരപ്പ കൂടിക്കാഴ്ചക്കിടെ യൂസഫലിക്ക് കൈമാറി. വ്യവസായമന്ത്രി ജഗദീഷ് ഷെട്ടാര്‍, ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗൗരവ് ഗുപ്ത, ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, ട്വന്റിഫോര്‍ട്ടി ഹോള്‍ഡിംഗ്‌സ് മാനേജിങ് ഡയറക്ടര്‍ അദീബ് അഹമ്മദ് തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
















