സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം(സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്) എന്നിവയ്‌ക്കു വരെ കാരണമാവുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് നോവല്‍ കൊറോണ വൈറസാണ്. ഇത്തരം വൈറസുകള്‍ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ്.
ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍. രോഗം ഗുരുതരമായാല്‍ മരണവും സംഭവിക്കാം. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്.
മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ഇവ ഏതാനും ദിവസങ്ങള്‍ നീണ്ടുനില്‍ക്കും. പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരെ ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങളും ബാധിക്കും. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ കാണും.തുമ്മുമ്പോഴും ചുമയ്‌ക്കുമ്പോഴും വായില്‍ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയില്‍ വൈറസുകള്‍ ഉണ്ടായിരിക്കും. ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകള്‍ എത്തുകയും ചെയ്യും.
വൈറസ് സാന്നിധ്യമുള്ളയാളെ സ്പര്‍ശിക്കുമ്പോഴോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
















