ബംഗളൂരു: പ്രളയത്തില്‍ ജലം പാലത്തേയും മുക്കി കവിഞ്ഞൊഴുകിയപ്പോള്‍ ആംബുലന്‍സിന് വഴികാട്ടാനായി പാലത്തിലൂടെ മുന്നേ ഓടിയ വെങ്കടേഷ് എന്ന കര്‍ണാടക സ്വദേശി ആറാം ക്ലാസ്സുകാരനെ നമ്മളാരും മറക്കാന്‍ വഴിയില്ല. അന്ന് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വെങ്കടേഷിന് കര്‍ണാടക സര്‍ക്കാരിന്റെ ധീരതയ്‌ക്കുള്ള പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകളാണ് ലഭിച്ചത്.
ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ വെങ്കടേഷിന് ധീരതക്കുള്ള പുരസ്‌കാരം നല്‍കി ആധരിക്കുകയാണ് രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തിരെഞ്ഞെടുത്ത 22 കുട്ടികളില്‍ ഒരാളായി ജനുവരി 26ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും വെങ്കടേഷ് രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങും.
കൃഷ്ണ നദിക്കരയില്‍ വെങ്കടേഷ് തന്റെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് 6 കുട്ടികളെയും ഒരു സ്ത്രീയുടെയും മൃതദേഹവുമായി റായ്ച്ചൂര്‍ ഹിരയന കുംബെ പാലത്തില്‍ ആംബുലന്‍സ് എത്തിയത്. പ്രളയത്തില്‍ പാലത്തിന് മുകളിലൂടെ ജലം ഒഴുകിയതിനാല്‍ ആംബുലന്‍സിന് കടന്നുപോകാന്‍ വഴി വ്യക്തമായിരുന്നില്ല. എന്നാല്‍ വെങ്കടേഷ് പാലത്തിലൂടെ ഓടി ആംബുലന്‍സിന് കടന്നുപോകാനുള്ള വഴി കാണിച്ചു കൊടുക്കുകയായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ചൈല്‍ഡ് വെല്‍ഫെയറാണ് ധീരത പുരസ്‌കാരത്തിന് വെങ്കിടേഷിന്റെ പേര് ശുപാര്‍ശ ചെയ്തത്.
















