ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മികച്ച ജനപ്രീതി. ഇന്ത്യയില്‍ ഇതുവരെ ഭരിച്ചിട്ടുള്ളതില്‍ ജനസമ്മിതി ഏറ്റവും കൂടുതല്‍ ഇദ്ദേഹത്തിനാണെന്നും സര്‍വ്വേ. ഇന്ത്യ ടുഡേ നടത്തിയ കാര്‍നി ഇന്‍സെറ്റ്‌സ് മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേയില്‍ രാജ്യത്തെ ജനങ്ങളില്‍ കൂടുതലും മോദിയെ അനുകൂലിക്കുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റല്‍ പൗരത്വ നിയമ ഭേദഗതി എന്നീ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെിരെ പ്രതിപക്ഷം വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും, പ്രതിഷേധം നടത്താന്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കുന്നതിനുമിടയിലാണ് മോദിയ്‌ക്ക് വന്‍ ജനപിന്തുണ വെളിവാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
റിപ്പോര്‍ട്ട് പ്രകാരം 34 ശതമാനം പേരും മോദിക്ക് അനുകൂലമായാണ് വോട്ട് ചെയ്തിരിക്കുന്നത്. ഇന്ദിര ഗാന്ധിയാണ് രണ്ടാം സ്ഥാനത്തുള്ളത് 16 ശതമാനം പേര്‍. അടല്‍ ബിഹാരി വാജ്‌പേയിക്കാണ് മൂന്നാം സ്ഥാനം. 13 ശതമാനം പേര്‍ അദ്ദേഹത്തിനും പിന്തുണ നല്‍കി. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ നയങ്ങളേയും, പൗരത്വ നിയമ ഭേദഗതി ഉള്‍പ്പടെയുള്ളവയെ ഭൂരിഭാഗം ജനങ്ങളും അനുകൂലിക്കുന്നതായാണ് സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി അഞ്ച് മാസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരിലെ ജന വികാരം അളക്കുന്നതിനു കൂടിയാണ് ഇന്ത്യ ടുഡേ ഈ സര്‍വ്വേ നടത്തിയത്. അതേസമയം കശ്മീരില്‍ ഇതിനു മുമ്പുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയ്‌ക്ക് ഒരു ശാശ്വത പരിഹാരം എന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ സംസ്ഥാനത്തെ ജനങ്ങളില്‍ ഭൂരിഭാഗവും കണക്കാക്കുന്നത്.
















