ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശം പരിപൂര്‍ണ്ണമായി തള്ളി ഇന്ത്യ. കശ്മീര്‍ക്കാര്യത്തില്‍ മൂന്നാമതൊരാളുടെ ഇടപെടല്‍ വേണ്ട, അതനുവദിക്കില്ല, വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് ബുധനാഴ്ചയാണ് ട്രംപ് പാക് പ്രധാനമ്രന്തി ഇമ്രാന്‍ ഖാന്റെ സാന്നിധ്യത്തില്‍ പറഞ്ഞത്.
ജമ്മു കശ്മീര്‍ക്കാര്യം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളതാണ്. അത് ഉഭയകക്ഷി ചര്‍ച്ച വഴിയാണ് പരിഹരിക്കേണ്ടത്. ചര്‍ച്ചകള്‍ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് പാക്കിസ്ഥാന്റെ ഉത്തരവാദിത്തമാണ്, അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തിലും, ഇക്കാര്യത്തില്‍ മധ്യസ്ഥന്‍ വേണ്ടെന്ന കാര്യത്തിലും ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. ഇക്കാര്യത്തില്‍ മൂന്നാമതൊരാള്‍ക്ക് ഒരു പങ്കുമില്ല. ഇന്ത്യയും പാക്കിസ്ഥാനും
തമ്മില്‍ ഉഭയകക്ഷി പ്രശ്‌നമുണ്ടെങ്കില്‍ അവ ഷിംല കരാറും ലാഹോര്‍ പ്രഖ്യാപനവുമനുസരിച്ച് രണ്ടു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്താണ് പരിഹരിക്കേണ്ടത്. ശത്രുത വെടിഞ്ഞും അക്രമം അവസാനിപ്പിച്ചും ഭീകരത ഇല്ലാതാക്കിയും അതിനുള്ള അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കേണ്ടത് പാക്കിസ്ഥാനാണ്, രവീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം കുറയ്‌ക്കാന്‍ ഇടപെടാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്‌ട്ര സഭ അടക്കമുള്ള അന്താരാഷ്‌ട്ര സംഘടനകളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേപ്പറ്റിയുള്ള ചോദ്യത്തോട് ഇമ്രാന്റെ പ്രസ്താവനയില്‍ പുതുതായി ഒന്നുമില്ലെന്നായിരുന്നു രവീഷ് കുമാറിന്റെ പ്രതികരണം. പാക് പ്രധാനമ്രന്തിയുടെ ശബ്ദത്തിലും പ്രസതാവനയിലും പു
തുമയില്ല. അദ്ദേഹത്തിന്റെ പ്രസ്താവന വസ്തുതാവിരുദ്ധമാണ്. വാക്കുകള്‍ അദ്ദേഹത്തിന്റെ നിരാശയാണ് വെളിപ്പെടുത്തുന്നത്. ഒന്നു പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന അവരുടെ നിലപാടും ഇരവാദവും അവര്‍ക്ക് ഒരു പ്രയോജനവും ചെയ്യില്ല. പാക്കിസ്ഥാന്‍ എന്നാണ് ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കുക. ഇമ്രാന്‍ പാക്കിസ്ഥാന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. അദ്ദേഹം പറഞ്ഞു.
















