Categories: Samskriti

ശാസ്ത്രം ആത്മസാക്ഷാത്കാരത്തിനാവണം

ശ്ലോകം 58

വാഗ് വൈഖരീ ശബ്ദഝരീ

ശാസ്ത്രവ്യാഖ്യാന കൗശലം

വൈദുഷ്യം വിദുഷാം തദ്വദ്

ഭുക്തയേ ന തു മുക്തയേ

വാക്ക് പ്രയോഗത്തിലുള്ള പാടവവും ശബ്ദത്തിന്റെ ഒഴുക്കും ശാസ്ത്രത്തെ വ്യാഖ്യാനിക്കാനുള്ള കുശലതയും വിദ്വത്വവുമൊക്കെ പണ്ഡിതന്‍മാര്‍ക്ക് ഭക്തിക്ക് കാരണമായേക്കും. എന്നാല്‍ മുക്തിയെ നല്‍കില്ല.വളരെ മനോഹരവും കേള്‍ക്കാന്‍ ഇമ്പമുള്ളതുമായ വാഗ്‌ധോരണി കൊണ്ട് ശാസ്ത്രങ്ങളെ വ്യാഖ്യാനിക്കാന്‍ പണ്ഡിതന്‍മാര്‍ക്ക് കഴിഞ്ഞേക്കും. അതുമൂലം പേരും പ്രശസ്തിയും സമ്മാനങ്ങളുമൊക്കെ കിട്ടാനിടയുണ്ട് എന്നാല്‍ മുക്തി കിട്ടുകയില്ല.

വെറും പാണ്ഡിത്യം വയറ്റു പിഴപ്പിന് കൊള്ളാം. അതുകൊണ്ട് കിട്ടുന്ന സ്ഥാനമാനങ്ങള്‍ ക്ഷണികങ്ങളുമായിരിക്കും. അല്ലാതെ പരമമായ ലക്ഷ്യത്തിലേക്ക് എത്തിക്കില്ല.ഇവിടെ വാഗ്‌വൈഖരി എന്നതുകൊണ്ട് വേദാന്ത കോലാഹലത്തെയാണ്. വായാടി വേദാന്തം തന്നെ. വലിയ കനത്തിലുള്ളതും ആര്‍ക്കും മനസ്സിലാകാത്ത തരത്തിലുള്ളതുമായ വാക്കുകള്‍ ഒഴുക്കല്‍ മാത്രമായിട്ട് ഒരു പ്രയോജനവുമില്ല.നിരവധി വാക്പയറ്റിനേക്കാള്‍ നല്ലത് അല്പമാണെങ്കിലുമുള്ള അനുഭവമാണ്.ഉള്ളിലെ ആശയം വാക്കായി രൂപമെടുക്കുന്നത് നാല് ഘട്ടത്തിലൂടെയാണ്.

പരാ, പശ്യന്തി, മദ്ധ്യമാ, വൈഖരി എന്നിങ്ങനെ.അവ്യക്താവസ്ഥയിലുള്ള ആശയത്തെ ‘പരാ’ എന്നും അത് സ്ഥൂല അവസ്ഥയിലേക്ക് മാറുമ്പോള്‍ ‘പശ്യന്തി ‘ എന്നും ഭാഷാ രൂപീകരണവുമായി അതിന് തെളിമ വരുമ്പോള്‍ ‘മദ്ധ്യമാ’ എന്നും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാവുന്ന ശബ്ദമായി മാറുമ്പോള്‍ ‘വൈഖരി ‘ എന്നും വിളിക്കുന്നു.

ശാസ്ത്രം വളരെ നന്നായി വ്യാഖ്യാനിക്കാനുള്ള കഴിവുണ്ടായിട്ടും കാര്യമില്ല. അതും മുക്തിയിലെത്തിക്കില്ല.പദച്ഛേദം, പദത്തിന്റെ അര്‍ത്ഥം പറയല്‍, വിഗ്രഹിക്കല്‍, വാക്യങ്ങളെ യോജിപ്പിക്കല്‍ ആക്ഷേപത്തിന് സമാധാനം പറയല്‍ എന്നിങ്ങനെയുള്ള അഞ്ച ലക്ഷണങ്ങളുള്ളതാണ് വ്യാഖ്യാനം. പക്ഷേ ഇതുകൊണ്ടൊന്നും മുക്തി കിട്ടില്ല എന്ന് തീര്‍ത്ത് പറയുന്നു.വീണ വായനയില്‍ ശബ്ദ സുഖം മാത്രമാണ് ഉള്ളത്. ശാസ്ത്രവാഖ്യാനത്തില്‍ അര്‍ത്ഥ ബോധം കൊണ്ടുള്ള ആനന്ദം കൂടിയുണ്ട്. എന്നാലും സാക്ഷാത്കാരം ഉണ്ടാകില്ല.

ശ്ലോകം 59

അവിജ്ഞാതേ പരേ തത്ത്വേ

ശാസ്ത്രാധീതിസ്തു നിഷ്ഫലാ

വിജ്ഞാതേളപി പരേ തത്ത്വേ

ശാസ്ത്രാധിതിസ്തുനിഷ്ഫലാ

പരമാത്മതത്ത്വത്തെ സാക്ഷാത്കരിക്കാത്തിടത്തോളം കാലം ശാസ്ത്ര പഠനം നിഷ്ഫലമാണ്. പരമാത്മതത്ത്വം സാക്ഷാത്കരിച്ചു കഴിഞ്ഞാല്‍ പിന്നെ ശാസ്ത്ര പഠനത്തിന്റെ ആവശ്യവുമില്ല. ശാസ്ത്ര പഠനത്തിന്റെ ഫലം ആത്മസാക്ഷാത്കാരം നേടലാണ്. അത് നേടാനായില്ലെങ്കില്‍ പഠനം പ്രയോജനമില്ലാതാകും. ആത്മജ്ഞാനം നേടിയവര്‍ക്ക് പഠനമേ വേണ്ട.

ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് ഈ ശ്ലോകമെന്ന് തോന്നിയേക്കാം. പരസ്പര വിരുദ്ധമെന്നും തോന്നാം.എന്നാല്‍ സാവകാശം ബുദ്ധി ഉപയോഗിച്ചാല്‍ ഇതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാകും.അവിജ്ഞാതേ എന്നതിന് അറിയാത്തിടത്തോളം കാലം അല്ലെങ്കില്‍ വേണ്ട പോലെ ബുദ്ധിപരമായി ഗ്രഹിക്കാനാവുന്നില്ലെങ്കില്‍ എന്നാണര്‍ത്ഥം.

വിജ്ഞാതേ എന്നാല്‍ അറിവ് നേടിയാല്‍  സാക്ഷാത്കരിച്ചു കഴിഞ്ഞാല്‍ എന്നാണ് അര്‍ത്ഥം. ശാസ്ത്രം പഠിക്കാന്‍ വേണ്ടി വെറുതെ പഠിച്ചിട്ട് കാര്യമില്ല. അത് ആത്മസാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നതാകണം. അല്ലെങ്കില്‍ പാഴ് വേലയാകും. ആത്മസാക്ഷാത്കാരം നേടിയവര്‍ക്ക് പിന്നെ ശാസ്ത്ര പഠനം നടത്തേണ്ടതുമില്ല. പഠിച്ച് ശാസ്ത്ര പണ്ഡിതനാവുകയല്ല ലക്ഷ്യം, ആത്മസാക്ഷാത്കാരം നേടുക തന്നെയാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക