മയ്യില്‍: ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ബേബി സുനാഗറിന്റെ മയ്യില്‍ ചെറുപഴശ്ശി കടൂര്‍മുക്കിലെ വീടിന് നേരെ അക്രമം. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ അക്രമം ഉണ്ടായത്. വീടിന്റെ മുന്‍വശത്തെ ജനല്‍ഗ്ലാസുകള്‍ തകര്‍ന്ന നിലയിലാണ്. നാല് ബൈക്കുകളിലായി വന്ന അക്രമികള്‍ വീടിനു നേരെ കരിങ്കല്‍ ചീളുകള്‍ എറിയുകയായിരുന്നു.
‘ബേബി സുനാഗറിന് ഇനി ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിക്കു’മെന്ന് സമൂഹ്യമാധ്യമങ്ങളില്‍ ഒരു വിഭാഗം സിപിഎം-ജിഹാദി സംഘം പ്രചാരണം നടത്തിയിരുന്നു. വിവരമറിഞ്ഞ് മയ്യില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടില്‍ സഹോദരിയും ഭര്‍ത്താവും മക്കളും ഉണ്ടായിരുന്നുവെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം മയ്യില്‍ മേഖലയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ പൗരത്വഭേദഗതി നിയമത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖകളുടെ വിതരണവും ഗൃഹസമ്പര്‍ക്കവും നടന്നിരുന്നു. പ്രചാരണ പരിപാടികള്‍ നടത്തിയതിലുണ്ടായ അസഹിഷ്ണുതയാകാം അക്രമത്തിന് പിന്നിലെന്നാണ് സൂചന.
ബേബി സുനാഗറിന്റെ വീടിന് നേരെ ആക്രമണം നടത്തിയ ഇടത്-ജിഹാദി പ്രവര്‍ത്തകരുടെ നടപടിയില്‍ ബിജെപി മയ്യില്‍ മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മയ്യില്‍ മേഖലയെ അശാന്തിയിലേക്ക് തള്ളിവിടാനുളള ചില ആളുകളുടെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ബേബി സുനാഗറുടെ വീട്ടിന് നേരെ നടന്ന ആക്രമണമെന്നും സംഭവത്തില്‍ കുറ്റക്കാരായവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും ബിജെപി മയ്യില്‍ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു.
മേഖലയില്‍ പൗരത്വ നിയമാനുകൂല പ്രചരണം നടത്തുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ കഴിഞ്ഞദിവസം ഇടത്-ജിഹാദി പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയിരുന്നു. മയ്യില്‍ മേഖലയില്‍ നിലനില്‍ക്കുന്ന ഇടത്-ജിഹാദി കൂട്ടുകെട്ട് തിരിച്ചറിഞ്ഞ് മറ്റ് സംഘടനകളില്‍ നിന്നും നിരവധി ആളുകളാണ് സംഘപരിവാര്‍ സംഘടനകളുമായി സഹകരിച്ച് വരുന്നത്. അക്രമത്തിലൂടെ ഭീതി പരത്തി സംഘടനാ പ്രവര്‍ത്തനത്തിന് തടസ്സം നിന്നാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ഇ.കെ. ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ സി.കെ. ശ്രീധരന്‍, ടി.സി. മോഹനന്‍, ദാമോദരന്‍ പാലക്കല്‍, വി.സി. ശശീന്ദ്രന്‍ , എ.കെ. ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















