ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്. ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ലഷ്‌കര്‍ ഇ തോയ്ബ ഭീകരനായ സാഹിദ് നസീര്‍ ഭദ്ദ് ജമ്മുവില്‍ താവളം ആക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കശ്മീരില്‍ ഇതുവരെയുള്ള സമാധാന അന്തരീക്ഷം തകര്‍ത്ത് അവിടെ വീണ്ടും അശാന്തി പരത്തുന്നതിനായാണ് ഭീകരാക്രമണം കൊണ്ട് ലക്ഷ്യംവെയ്‌ക്കുന്നത്. ഇതിനായി സാഹിദ് നസീര്‍ നര്‍വാല്‍ മേഖലയില്‍ ഉണ്ട്. ഇയാള്‍ക്കൊപ്പം നാലോളം വിദേശ ഭീകരരും ഉള്ളതായി ഇന്റലിജെന്‍സ് അറിയിച്ചിട്ടുണ്ട്. വിദേശി ഭീകരനായ ഇദ്രിസിനൊപ്പം പ്രാദേശിക ഭീകര കമാന്‍ഡറായ സാഹിദ് മന്‍സൂര്‍ വാനി എന്നിവരാണ് ആക്രമണത്തിന് പദ്ധതിയിടുന്നത്. ഐഇഡി ആക്രമണത്തിനാകും ഭീകര സംഘടനകള്‍ ലക്ഷ്യമിടുന്നത്.
അതേസമയം റിപ്പബ്ലിക് ദിനത്തില്‍ ജെയ്ഷ ഇ മുഹമ്മദും ആക്രമണത്തിന് പദ്ധതിയിട്ടിട്ടുള്ളതായി ഇന്റലിജെന്‍സ് ആദ്യം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശ്രീനഗറിലെ രാജ്പോറ മേഖലയിലെ സുരക്ഷാ സേനയെയാണ് ജയ്ഷെ മുഹമ്മദ് ഭീകരര്‍ ലക്ഷ്യമിടുന്നതെന്നും ഇതിനായി കശ്മീരിലുള്ള യാസിര്‍ പാണ്ഡെ എന്ന ഭീകരനുമായി ഇവര്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും ഇന്റലിജന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
















