ന്യൂദല്‍ഹി: ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയാകും. ഇന്ത്യ ഔദ്യോഗികമായി ഇക്കാര്യം ഇന്നലെ സ്ഥിരീകരിച്ചു. ബോള്‍സൊനാരോയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. 1996ലും 2004ലും അന്നത്തെ ബ്രസീല്‍ പ്രസിഡന്റുമാര്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച ബോള്‍സൊനാരോ നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് എത്തുന്നത്. അദ്ദേഹത്തോടൊപ്പം ബ്രസീലിലെ ഏഴ് മന്ത്രിമാരുമുണ്ടാകും. ജനുവരി 24നാണ് ബോള്‍സൊനാരോയും സംഘവും എത്തുന്നത്.
25ന് പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഒരുക്കുന്ന വിരുന്നില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു, വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എന്നിവരുമായി ബോള്‍സൊനാരോ കൂടിക്കാഴ്ച നടത്തും. 27ന് ഇന്ത്യ-ബ്രസീല്‍ ബിസിനസ് ഫോറത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ബ്രിക്‌സ്, ഐബിഎസ്എ, ജി20 തുടങ്ങിയ കൂട്ടായ്‌മകളില്‍ പങ്കാളികളായ ഇന്ത്യയും ബ്രസീലും തമ്മില്‍ 2018-19 വര്‍ഷത്തില്‍ അറുപതിനായിരം കോടിയുടെ വ്യാപാരമാണ് നടന്നത്.
സമാന കാഴ്ചപ്പാടുകളും ജനാധിപത്യമൂല്യങ്ങളും പങ്കുവയ്‌ക്കുന്ന ഇരുരാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ബ്രസീല്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.
















