കൊല്ലം: റോബര്‍ട്ട് വാദ്രയുടെ ബിനാമിയായ മലയാളി ബിസിനസുകാരന്‍ സി.സി. തമ്പി കൊല്ലത്തും ഭൂമി വാങ്ങികൂട്ടി. സംസ്ഥാനത്ത് സിപിഎം ഭരിച്ച 2010 കാലഘട്ടത്തിലാണ് സംഭവം.
കൊട്ടിയത്ത് ദേശീയപാതയോരത്ത് 46.75 സെന്റ് വസ്തുവും ആഡംബരവീടുമാണ് ചുളുവിലയില്‍ തട്ടിയെടുത്തത്. ആദിച്ചനല്ലൂര്‍ വില്ലേജില്‍ റീസര്‍വെ നമ്പര്‍ 252/4ല്‍പ്പെട്ടതാണ് ഈ ഭൂമി. 12 കോടി രൂപയോളം മതിപ്പുവിലയുള്ള സമയത്താണ് ഭൂമി 1.17 കോടി രൂപയ്‌ക്ക് തമ്പി വാങ്ങിയത്. മുന്‍ പ്രവാസിയായ ലണ്ടന്‍ രവിയുടെ ഉടമസ്ഥതയിലായിരുന്നു വസ്തു. 2005ല്‍ രവിയുടെ മരണശേഷം കോണ്‍ഗ്രസ് മുന്‍ ജില്ലാ നേതാവ് ശശീന്ദ്രബാബുവിന്റെ ഒത്താശയോടെയാണ് ചുളുവിലയില്‍ തമ്പി ഭൂമി കൈക്കലാക്കിയത്. നേതാവ് തമ്പിയുടെ വിശ്വാസം സമ്പാദിച്ച് ഒപ്പംകൂടി വ്യക്തിപരമായ വായ്പ നല്‍കിയ ശേഷം ഈടായി വാങ്ങിയതാണ് ഭൂമി. അമ്മാവനായ മോഹനന്റെ പേരിലാണ് ഈടായി വസ്തു നല്‍കിയതെന്നാണ് രേഖ. ലണ്ടന്‍ രവിയുടെ ഭാര്യയും മൂന്ന് പെണ്‍മക്കളും ഒരു മകനും വര്‍ഷങ്ങളായി വിദേശത്താണ്.
2005 ജൂലൈ അഞ്ചിന് രവി മരിച്ചു. മരണശേഷം ഭൂമിയുടെ പേരില്‍ കേസുമായി ശശീന്ദ്രബാബു രംഗത്തെത്തി. തന്റെ പക്കല്‍നിന്ന് 25 ലക്ഷം രൂപ രവി കൈപ്പറ്റിയെന്നായിരുന്നു കേസ്. രവിയുടെ മക്കളെയാണ് എതിര്‍കക്ഷികളാക്കിയത്. വിദേശത്തുള്ള രവിയുടെ മകന്‍ ഷിബു കേസ് ഏല്‍പ്പിച്ചത് കായംകുളത്തെ ഒരു വക്കീലിനെയാണ്. ഇദ്ദേഹവും കോണ്‍ഗ്രസുകാരനായിരുന്നു. ഇയാളുമായി ഒത്തുകളിച്ചാണ് ഭൂമി ശശീന്ദ്രബാബു തമ്പിയുടെ കൈയിലെത്തിച്ചത്. അമ്മാവന്റെയും പതിയെ കായംകുളത്തെ വക്കീലിന്റെ ഭാര്യയുടെയും പേരിലാക്കിയാണ് ഇടപാട് നടത്തിയത്.
തമ്പി 2010ല്‍ ഭൂമി സ്വന്തമാക്കിയ ശേഷം കെട്ടിടം പൊളിച്ചുനീക്കിയിരുന്നു. ആദിച്ചനല്ലൂര്‍ വില്ലേജില്‍ നിന്നുള്ള പ്രമാണത്തില്‍ സി.സി. തമ്പി, ഡയറക്ടര്‍, ഹോളിഡേ സിറ്റി സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, പനമ്പള്ളി നഗര്‍, കൊച്ചി എന്നാണ് വിലാസം നല്‍കിയത്.
ഭൂമിയുടെ പേരില്‍ നടന്ന തട്ടിപ്പും വെട്ടിപ്പും മനസ്സിലാക്കിയ ശേഷം വിദേശത്തുള്ള മക്കള്‍ ഇതുസംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുകയും വസ്തു തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 2015 മുതല്‍ കൊല്ലം സബ്‌കോടതിയില്‍ കേസ് നടക്കുന്നുണ്ട്.
തമ്പി മൂന്നു ദിവസം കൂടി കസ്റ്റഡിയില്‍
ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ, വാദ്രയുടെ ബിനാമി സി.സി. തമ്പിയെ ദല്‍ഹി കോടതി മൂന്നു ദിവസം കൂടി എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസ് ഇനി 24ന് പരിഗണിക്കും. അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്ന തമ്പിയുടെ ആവശ്യം കോടതി അംഗീകരിച്ചു.
തമ്പി ഏറെനാളായി എന്‍ഫോഴ്‌സ്‌മെന്റിന്റെ നിരീക്ഷണത്തിലായിരുന്നു. വാദ്രയുടെ വലംകൈയായതിനാല്‍ അയാളുടെ സ്വത്തു വിവരങ്ങളും ഇയാള്‍ക്കറിയാമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കരുതുന്നത്.
തമ്പിയുമായുള്ള ബന്ധം കണ്ടെത്താന്‍ മുന്‍പും എന്‍ഫോഴ്‌സ്‌മെന്റ് വാദ്രയെ ചോദ്യം ചെയ്തിരുന്നു. 2009ലെ പെട്രോളിയം ഇടപാടു വഴി ലഭിച്ച കോഴ തമ്പിയുടെ ഷാര്‍ജയിലെ സ്‌കൈലൈറ്റ് എന്ന സ്ഥാപനം വഴിയാണ് വാദ്രയില്‍ എത്തിയതെന്ന് എന്‍ഫോഴ്‌സ്‌ന്റെ് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: