ചെന്നൈ: കളിയിക്കാവിളയില്‍ എസ്ഐയെ വെടിവച്ചു കൊന്ന സംഭവത്തിലെ അന്വേഷണം എന്‍ഐഎ എറ്റെടുക്കുന്നു. സംഭവത്തിന് പിന്നില്‍ സംസ്ഥാനാന്തര ഭീകരവാദ സംഘടനകളുടെ പങ്കും സാമ്പത്തിക സഹായവും ലഭിച്ചു എന്ന സൂചനയുടെ പശ്ചാത്തലത്തില്‍ അന്വേഷണം എന്‍ഐഎക്ക് വിടാന്‍ തമിഴ്‌നാട് സര്‍ക്കര്‍ ഉത്തരവിറക്കി. തമിഴ്നാട് ക്യൂബ്രാഞ്ചും കേന്ദ്രരഹസ്യാന്വേഷണ എജന്‍സിയും നല്‍കിയ റിപ്പോര്‍ട്ട് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് തിരുമാനം. കേരളത്തിലോ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലോ ഇതിന്റെ തുടര്‍ച്ചയായ സംഭവങ്ങള്‍ ഉണ്ടായേക്കാം എന്ന സാധ്യത എന്‍ഐഎ തള്ളിക്കളയുന്നില്ല. മതത്തിനെ മറയാക്കാനുള്ള ശ്രമം ബോധപൂര്‍വ്വമാണെന്ന് ഭീകരവാദ വിരുദ്ധ എജന്‍സി കരുതുന്നു. തമിഴ്നാട് ക്യൂബ്രാഞ്ച് ആയച്ച റിപ്പോര്‍ട്ടും എന്‍ഐഎ വിലയിരുത്തി. കേരളത്തില്‍ പ്രത്യേകിച്ച് തെക്കന്‍ ജില്ലയില്‍ സംഭവം ആസൂത്രണം ചെയ്തത് എല്ലായിടവും തങ്ങളുടെ വരുതിയിലാണെന്ന് വരുത്തി തിര്‍ക്കാനാണെന്ന് വ്യക്തമാക്കുന്നതാണ് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട്. കളിയിക്കാവിളയില്‍ തമിഴ്നാട് ചെക്ക്പോസ്റ്റിലെ എസ്ഐ വില്‍സനെ വധിക്കാന്‍ ഇസ്ലാമിക ഭീകരര്‍ ഗൂഢാലോചന നടത്തിയത് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ചാണെന്ന് തെളിഞ്ഞിരുന്നു, തമിഴ്നാട്ടില്‍ പോലീസ് പരിശോധന ശക്തമാക്കിയതോടെ ഭീകരര്‍ കേരളത്തില്‍ പ്രത്യേകിച്ച് തലസ്ഥാനത്ത് കേന്ദ്രീകരിക്കുകയായിരുന്നു.
കളിയിക്കാവിള പോലീസ് സ്റ്റേഷനിലെ എസ്ഐവില്‍സണെ (57) മാര്‍ത്താണ്ഡം, വെട്ടുവെന്നി വില്യം ആശുപത്രിക്കു സമീപം രാത്രി പത്തു മണിയോടെ രണ്ടംഗസംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. തിരുവിതാംകോട് സ്വദേശികളായ അബ്ദുള്‍ സമീം (29), തൗഫിക്ക് ( 27) എന്നിവരാണ് വെടിവച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
ഭീകരാക്രമണം നടന്ന ഉടന്‍ സംഘം കേരളത്തിലേക്ക് രക്ഷപ്പെടാനാണ് ശ്രമിച്ചതും. പിന്നാലെ എത്തിയ തമിഴ്നാട് പോലീസ് സംഘം ആദ്യം എത്തിയത് തിരുവനന്തപുരത്തെ മലയോര മേഖലയായ വിതുരയില്‍. ഇവര്‍ക്ക് സഹായം ഒരുക്കിയ സെയ്തലി ഒരു വര്‍ഷത്തോളമായി വിതുരയിലുണ്ടായിരുന്നു. വില്‍സണ്‍ തിരുച്ചന്തൂരില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന സ്‌ക്വാഡിലെ അംഗമായിരുന്നു. അന്നുമുതല്‍ ഇവരുടെ നോട്ടപ്പുള്ളിയാണ് വില്‍സണ്‍. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ അവിടെ വച്ച് കൊലപ്പെടുത്താനും ശ്രമം നടന്നിരുന്നുവെന്ന് തമിഴ്നാട് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
















