ന്യൂദല്‍ഹി: ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും രണ്ടാമത്തെ സംയുക്ത ചെക്ക് പോസ്റ്റ് തുറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയും ഒന്നിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു.
ജോഗ്ബാനി-ബിരത്‌നഗര്‍ അതിര്‍ത്തി പ്രദേശത്ത് 260 ഏക്കര്‍ വിസ്തൃതിയിലാണ് രണ്ടാമത്തെ ചെക്ക് പോസ്റ്റ്. 140 കോടി മുതല്‍മുടക്കിലുള്ള നിര്‍മാണം ഇരു രാജ്യങ്ങളുടെയും വാണിജ്യം കൂടുതല്‍ സുസ്ഥിരമാക്കും. 2018ല്‍ റാക്‌സുല്‍-ബിര്‍ജുങ് പ്രദേശങ്ങളിലായിരുന്നു ആദ്യ സംയുക്ത ചെക്ക് പോസ്റ്റ് സ്ഥാപിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇതിലൂടെ കൂടുതല്‍ ഊട്ടിയുറപ്പിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2015ല്‍ നേപ്പാളിലുണ്ടായ ഭൂമികുലുക്കത്തില്‍ 50,000 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന ഇന്ത്യയുടെ ഉറപ്പ് പ്രാവര്‍ത്തികമാക്കുന്നതായും ഇതുവരെ 45,000ല്‍ അധികം വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം നേപ്പാള്‍ സന്ദര്‍ശിക്കുമെന്ന് മോദി നേപ്പാള്‍ പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കി.
















