ആലപ്പുഴ: തീരപരിപാലന നിയമം ലംഘിച്ചെന്ന് ആരോപിച്ച് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ പൊളിച്ചുനീക്കല്‍ ഭീഷണി നേരിടുമ്പോള്‍ വന്‍കിട കുത്തകകളുടെ റിസോര്‍ട്ടുകള്‍ക്ക് സംരക്ഷണം.
മാരാരിക്കുളം കടല്‍ത്തീരത്ത് പ്രമുഖ മാധ്യമ സ്ഥാപന ഉടമകള്‍ നിയമം ലംഘിച്ച് തീരം കൈയടക്കി നിര്‍മിച്ച റിസോര്‍ട്ട് നിര്‍ബാധം പ്രവര്‍ത്തിക്കുന്നു. തീരത്തുനിന്ന് കേവലം അമ്പതു മീറ്റര്‍ പോലും അകലമില്ല റിസോര്‍ട്ടിന്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചാണ് വ്യാപകമായി കടലോരം കൈയേറി റിസോര്‍ട്ട് നിര്‍മിച്ചത്. നേരത്ത നാട്ടുകാര്‍ നിരവധി പരാതികളും ആക്ഷേപങ്ങളും ഉന്നയിച്ചെങ്കിലും സ്വാധീനവും പണവും എല്ലാത്തിനും വഴിമാറി.
രാഷ്ട്രീയക്കാരും സര്‍ക്കാരും റിസോര്‍ട്ടിന് ഒത്താശ ചെയ്യുന്നു. മന്ത്രി തോമസ് ഐസക്കിന്റെ മണ്ഡലത്തിലാണ് സിപിഎം ഏറ്റവും ശക്തമായി എതിര്‍ക്കുന്നതായി അവകാശപ്പെടുന്ന മാധ്യമ ഗ്രൂപ്പിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനം. ഇതേ ഗ്രൂപ്പിന്റെ മാധ്യമ സ്ഥാപനം പ്രവര്‍ത്തിക്കുന്നതും ഇടത്തോടുകളും മറ്റും നികത്തിയാണെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. കടലാക്രമണഭീതി മുതലെടുത്ത് പൊ
ന്നുംവില നല്‍കിയാണ് തീരപ്രദേശങ്ങള്‍ മാഫിയകള്‍ കൈയടക്കിയത്. വീടു വയ്ക്കാനെന്ന വ്യാജേനയാണ് മാഫിയകള്‍ തീരത്ത് ഭൂമി വാങ്ങുന്നത്. തോട്ടപ്പള്ളിയിലും ഏക്കറുകണക്കിന് ഭൂമി ഇത്തരത്തില്‍ വാങ്ങിയിട്ടുണ്ട്.
ജില്ലയുടെ തീരപ്രദേശങ്ങളില്‍ ഏക്കറുകണക്കിന് ഭൂമിയാണ് വിറ്റഴിക്കപ്പെട്ടത്. തീരദേശ പരിപാലന നിയമപ്രകാരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍, മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക ഇളവും അനുവദിച്ചു. ഇതു മറയാക്കിയാണ് ടൂറിസം മാഫിയകള്‍ ഭൂമി നേരത്തെ വാങ്ങിക്കൂട്ടിയത്. പവര്‍ ഓഫ് അറ്റോണി ഉപയോഗിച്ച് കൈമാറ്റം നടക്കുന്നതിനാല്‍ ഭൂമി വാങ്ങുന്നത് ആരെന്നും വ്യക്തമല്ല.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ കോസ്റ്റല്‍ ഡിസ്ട്രിക്ട് കമ്മിറ്റി (സിഡിസി) നടത്തിയ അന്വേഷണത്തില്‍ ജില്ലയില്‍ തീരപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച 4658 കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്തി. 26 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായാണ് ഇത്രയും കെട്ടിടങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതില്‍ 90 ശതമാനം കെട്ടിടങ്ങളും മത്സ്യത്തൊഴിലാളികളുടേതാണ്. ഇവയില്‍ സുനാമി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മിച്ചു കൊടുത്ത വീടുകളുമുണ്ട്. 10 ശതമാനം മാത്രമാണ് ഹോംസ്റ്റേകളും റിസോര്‍ട്ടുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: