ന്യൂദല്‍ഹി: മുതിര്‍ന്ന നേതാവ് ജഗത് പ്രകാശ് നദ്ദയെ ബിജെപി പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടി തിളങ്ങി നില്‍ക്കുമ്പോഴാണ് പ്രസിഡന്റായി 58 കാരനായ നദ്ദയുടെ വരവ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായി കഴിവ് തെളിയിച്ച നദ്ദക്കാണ് ഇത്തവണ അമിത് ഷാ യുപിയുടെ ചുമതല നല്‍കിയത്. എസ്പി-ബിഎസ്പി സഖ്യത്തിന്റെ വെല്ലുവിളികള്‍ മറികടന്ന് 80 ല്‍ 62 സീറ്റ് ബിജെപി നേടുകയും ചെയ്തു. സംഘാടന മികവും അഴിമതി ആരോപണങ്ങളേല്‍ക്കാത്ത വ്യക്തിത്വവും അദ്ദേഹത്തെ വേറിട്ടതാക്കുന്നു.
ബിജെപി പാര്‍ലമെന്റി ബോര്‍ഡ് അംഗവും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗവുമാണ് നദ്ദ. പാട്ന കോളേജില്‍നിന്നും ബിരുദവും ഷിംല ഹിമാചല്‍ പ്രദേശ് സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബിയും കരസ്ഥമാക്കി. ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ജയപ്രകാശ് നാരായണന്‍ നയിച്ച സമ്പൂര്‍ണ ക്രാന്തി മൂവ്മെന്റില്‍ ചേര്‍ന്നാണ് നദ്ദ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. പിന്നീട് എബിവിപിയുടെ നിരവധി ചുമതലകള്‍ വഹിച്ചു.
1993ല്‍ ആദ്യമായി ഹിമാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ വിജയം ആവര്‍ത്തിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായി. 2007ല്‍ വീണ്ടും എംഎല്‍എയായ അദ്ദേഹത്തിന് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ ലഭിച്ചു. 2012ല്‍ രാജ്യസഭയിലെത്തി. 2014ല്‍ മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി. അഛന്‍ എന്‍.എല്‍. നദ്ദ പാട്ന സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറായിരുന്നു. ഹിമാചല്‍ പ്രദേശ് സര്‍വ്വകലാശാലയിലെ പ്രൊഫസറായ ഡോ.മല്ലിക നദ്ദയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
















