കാസര്‍കോട്: കോഴിക്കോടും കാസര്‍കോടുമായി വീണ്ടും ബിറ്റ്‌കോയിന്‍ റാക്കറ്റ് സജീവം. കോടികളുടെ ഇടപാടുകളാണ് നടക്കുന്നതെന്നാണ് വിവരം. ഇടപാടുകാരെ പ്രലോഭിപ്പിക്കുന്ന ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്‍ സംഘം ഷെയര്‍ ചെയ്യുന്നത്. ഇതില്‍ എങ്ങനെ ബിറ്റ്‌കോയിന്‍ ഇടപാട് ലാഭകരമായി നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുന്നു.
നേരത്തെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി പ്രവര്‍ത്തിച്ചു വന്നിരുന്ന ബിറ്റ്‌കോയിന്‍ സംഘം മലപ്പുറത്തെ യുവാവിന്റെ ഡെറാഡൂണില്‍ നടന്ന കൊലപാതകത്തെത്തുടര്‍ന്ന് ഇടപാടുകളെല്ലാം അവസാനിപ്പിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ സംഘം തട്ടിപ്പുമായി രംഗത്തു വന്നത്.
കാസര്‍കോട്ട് സീതാംഗോളി സ്വദേശിയായ ഒരാളാണ് ബിറ്റ്‌കോയിന്‍ ഇടപാടിന്റെ ചുക്കാന്‍ പിടിക്കുന്നതെന്നാണ് വിവരം. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസങ്ങള്‍ കൊണ്ട് 2.60 ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെ ലാഭവിഹിതം അക്കൗണ്ടിലേക്കെത്തുമെന്ന് പറഞ്ഞാണ് പലരെയും ബിറ്റ്‌കോയിന്‍ സംഘം സമീപിക്കുന്നത്. രണ്ട് പേരെ ചേര്‍ക്കുന്നയാള്‍ക്ക് ഓരോ ഇടപാടിലും 2,000 ഡോളര്‍ വരെ പ്രതിഫലം ലഭിക്കുമെന്നും വാഗ്ദാനമുണ്ട്.
ദുബായ്‌യും തായിലന്‍ഡും കേന്ദ്രീകരിച്ചാണ് ബിറ്റ്‌കോയിന്‍ ട്രേഡിങ് നടക്കുന്നതെന്നാണ് ഇടപാടുകാരെ അറിയിച്ചത്. മള്‍ട്ടി പ്രോപര്‍ട്ടി ഷെയര്‍ എന്ന പേരിലാണ് ഇടപാട്. വ്യാപാരം നടത്തുന്നതിനായി നിക്ഷേപിക്കുന്ന പണം നല്‍കാതെ തന്നെ അതിന്റെ പാസ്‌വേഡ് മാത്രം നല്‍കിയാല്‍ പണത്തിന് സംരക്ഷണം ലഭിക്കുമെന്നും മറ്റുമുള്ള വാഗ്ദാനങ്ങളാണ് സംഘം നല്‍കുന്നത്.
ദിവസവും അക്കൗണ്ടിലേക്ക് ലാഭവിഹിതത്തിന്റെ കണക്ക് എത്തുമെന്നും ഇവര്‍ പറയുന്നു. ഇത് എല്ലാ ദിവസവും പരിശോധിക്കാനും സാധിക്കുമത്രേ. ബാങ്ക് അക്കൗണ്ട് വഴിയും വാലറ്റ് വഴിയും പണം കൈമാറ്റം നടത്താമെന്നാണ് ഇവര്‍ അറിയിക്കുന്നത്. 20-28 ദിവസത്തിനുള്ളില്‍ തന്നെ ഒരു ലക്ഷം രൂപയ്‌ക്ക് 22,000 രൂപ വരെ ലാഭവിഹിതം ലഭിക്കുന്നുണ്ടെന്ന് ഇടപാടുകാരെ ബോധ്യപ്പെടുത്തുന്നു.
നൂറു കോടി രൂപയുടെ വില്‍പ്പന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഷെയര്‍ മാര്‍ക്കറ്റുകളില്‍ ജോലിയുണ്ടായിരുന്നവരാണ് ഇപ്പോള്‍ ബിറ്റ്‌കോയിന്‍ ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കുന്നതെന്നും ഓഡിയോയിലൂടെ വിവരം പുറത്തുവന്നിട്ടുണ്ട്. ഇടപാടുകാരുടെ ബിറ്റ്‌കോയിന്‍ അക്കൗണ്ടില്‍ കാണിക്കുന്ന അക്കങ്ങള്‍ ഡോളറുകളാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയാണ് സംഘം ചെയ്തുവരുന്നതെന്നും വ്യക്തമായി.
















