ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികളുടെ സംഘം ഇന്നലെ ദല്‍ഹിയില്‍ ബിജെപി ആസ്ഥാനം സന്ദര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി. നദ്ദയ്‌ക്കും നന്ദിയറിയിക്കാനാണ് അവരെത്തിയത്.
ഹരിയാനയിലും ദല്‍ഹിയിലും താമസിക്കുന്ന ഇവര്‍ ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നിന്ന് ബിജെപി ആസ്ഥാനത്തേക്ക് കാല്‍നടയായാണ് എത്തിയത്. ഡിസംബറില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥി സംഘവും ബിജെപി ആസ്ഥാനത്ത് നദ്ദയെ സന്ദര്‍ശിച്ചിരുന്നു. പൗരത്വം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അഭയാര്‍ഥി ക്യാംപുകള്‍ക്ക് സമീപം ഹെല്‍പ്പ്‌ഡെസ്‌ക്കുകള്‍ ആരംഭിക്കുമെന്നും നദ്ദ അന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
















