കൊച്ചി: ലൗ ജിഹാദ് പ്രശ്നത്തില്‍ ക്രിസ്തീയ സഭയുടെ ഔദ്യോഗിക പ്രമേയം തെളിവുകളുെട അടിസ്ഥാനത്തില്‍. സഭയില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ 2868 ക്രിസ്ത്യന്‍ യുവതികളാണ് മുസ്ലിം യുവാക്കളുടെ പ്രണയത്തില്‍ പെട്ട് ലൗ ജിഹാദിന് ഇരയായത്. സംസ്ഥാന പോലീസ് മേധാവി, ന്യൂനപക്ഷ കമ്മീഷന് നല്കുന്ന വിശദീകരണത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് വാദിച്ചാല്‍, തെളിവുകള്‍ പുറത്തുവിടാന്‍ പോലും തയാറാകണമെന്ന് സഭയിലെ ഒരു വിഭാഗം വാദിക്കുന്നു. അല്മായരുടെ സംഘടനയെന്ന പേരില്‍ ചിലര്‍ സിനഡിന്റെ പ്രമേയത്തെത്തന്നെ ചോദ്യം ചെയ്യുന്നതിനെ ചെറുക്കണമെന്ന് വാദിക്കുന്നവരാണിക്കൂട്ടര്‍.
സിറോ മലബാര്‍ സഭയുടെ 28-ാം സിനഡ് 2020 ജനുവരി 10 മുതല്‍ 15 വരെ ചേര്‍ന്ന് വിശദ ചര്‍ച്ചകള്‍ക്കു ശേഷമാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള പ്രമേയവും പ്രസ്താവനയും വന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ആസൂത്രിത പ്രണയത്തിന് ഇരയാകുകയും അവരില്‍ പലരും ഭീകര പ്രവര്‍ത്തകരുടെ സംഘടനകളില്‍ ചേരുകയും ചെയ്തെന്നും സംസ്ഥാന പോലീസ് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പരാജയമെന്നുമാണ് സിനഡ് പ്രമേയത്തിന്റെ കാതല്‍. ഈ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് കേരള പോലീസ് മേധാവിയോട് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍, ലൗ ജിഹാദില്ലെന്നാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിലപാട്. സിറോ മലബാര്‍ സഭയുടെ നേതൃത്വത്തോട് ഇടഞ്ഞു നില്ക്കുന്ന വിശ്വാസികളുടെ ഒരു വിഭാഗവും ലൗ ജിഹാദില്ലെന്ന് പ്രചരിപ്പിക്കുന്നു. ക്രിസ്തീയ യുവതികളില്‍ മതാന്തര പ്രണയത്തില്‍ വിവാഹതരാകുന്ന 75 ശതമാനം പേരും ഹിന്ദുയുവാക്കള്ക്കൊപ്പമാണ് പോകുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. പക്ഷേ, സഭാ നേതൃത്വം പറയുന്നത് ആധികാരികമായ കണക്കുകള്‍ പ്രകാരമാണ് സിനഡ് പ്രമേയം എന്നാണ്.
ക്രിസ്തീയ മതവിഭാഗത്തിലും ലൗ ജിഹാദിന്റെ കടന്നു കയറ്റം ശ്രദ്ധയില്‍പ്പെടും വരെ ഹിന്ദു വിഭാഗത്തില്‍ പെട്ട സംഘടനകള്‍ ഉയര്‍ത്തിയിരുന്ന ഈ വിഷയത്തിലെ ആശങ്കകള്‍ സഭാ നേതൃത്വം കാര്യമാക്കിയിരുന്നില്ല. എന്നാല്‍, 2009 ല്‍ ഈ വിഷയം പഠിക്കാന്‍ കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് അവരുടെ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. കൗണ്‍സിലിന്റെ കമ്യൂണല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന് ഈ വിഷയം ആഴത്തിലും പരപ്പിലും പഠിച്ചു. സഭയുടെ വിപുലമായ ശൃംഖലയിലൂടെ ഓരോ ഇടവകയിലേയും വീടുകളിലെ വിവരങ്ങള്‍ ശേഖരിച്ചു. അങ്ങനെയാണ് 2006നും 2008നും
ഇടയില്‍ മാത്രം നടന്ന ഇത്തരം ഇതര മതസ്ഥരുമായുള്ള പ്രണയവും വിവാഹവും സംബന്ധിച്ച കണക്കെടുപ്പ് നടത്തിയതും, 2868 യുവതികള്‍ മുസ്ലിം യുവാക്കളോടൊപ്പം പോയത് വെളിപ്പെട്ടതും. ഇക്കാര്യം കെസിബിസി കമ്മീഷന് വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, ചില സംഘടനകള്‍ ഈ വെളിപ്പെടുത്തലിന് ആധികാരിക തെളിവ് ആവശ്യപ്പെട്ട് സഭാ നേതൃത്വത്തെ സമീപിച്ചു. പട്ടികയും വിവരവും കൊടുക്കാന്‍ സഭയ്ക്ക് പരിമിതികള്‍ ഉണ്ടായി. അതിനാല്‍, കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന് കെസിബിസി പ്രസ്താവിച്ചാണ് അന്ന് ആ വിഷയം ഒതുക്കിയത്.
ലൗ ജിഹാദ് പിന്നെയും സജീവമായതിനെ തുടര്‍ന്നും പോലീസ് നടപടികള്‍ ഇല്ലാതെ പോയതുമാണ് സിനഡ് ഔദ്യോഗികമായി ഇപ്പോള്‍ പ്രമേയം പാസാക്കിയത്. കെസിബിസി കമ്മീഷന്റെ കണ്ടെത്തലിന് പുറമേ, സംസ്ഥാന പോലീസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകളും ആധാരമാക്കിയാണ് പ്രമേയം. രണ്ട് പോലീസ് ഡിജിപിമാരുടെ കാലത്തെ ലൗ ജിഹാദ് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും കണ്ടെത്തലുകളും സംബന്ധിച്ച രേഖകള്‍ സഭ സമ്പാദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: