ബെംഗളൂരു: കളിയിക്കാവിളയില്‍ എസ്ഐ വില്‍സണെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരനും കൊടുംഭീകരനുമായ മെഹബൂബ് പാഷ(45)യെ ചോദ്യം ചെയ്തതില്‍ പോലീസിന് ലഭിച്ചത് സുപ്രധാന വിവരങ്ങള്‍. വ്യാഴാഴ്ചയാണ് മെഹബൂബ് പാഷയെയും മൂന്നു കൂട്ടാളികളെയും കര്‍ണാടക പോലീസ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ആഭ്യന്തര സുരക്ഷാ വിഭാഗവും (ഐഎസ്ഡി) ചേര്‍ന്ന് ഗുരുപ്പനപാളയില് നിന്ന് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ബെംഗളൂരു പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്തു ദിവസത്തെ സിസിബി കസ്റ്റഡിയില്‍ വിട്ടിരുന്നു. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ), സിസിബി, ഐഎസ്ഡി, തമിഴ്നാട് ക്യൂബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സേന സംയുക്ത സംഘമാണ് മെഹബൂബ് പാഷയെ ചോദ്യം ചെയ്യുന്നത്. റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സ്ഫോടനം നടത്താന്‍ പദ്ധതി തയാറാക്കിയിരുന്നതായി മെഹബൂബ് പാഷ വെളിപ്പെടുത്തി. ഏതെല്ലാം നഗരങ്ങള്‍, പദ്ധതി നടപ്പാക്കല്‍, സ്ഫോടന രീതി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹൈന്ദവ സംഘടനാ നേതാക്കളില്‍ ചിലരെ വധിക്കാനും ഇതുവഴി രാജ്യത്ത് വര്‍ഗീയ കലാപവുമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സിഎഎ വിരുദ്ധ പ്രതിഷേധങ്ങളുടെ മറവിലായിരുന്നു ആക്രമണങ്ങള്‍ ലക്ഷ്യമിട്ടിരുന്നത്.
ഇതിനായുള്ള ആയുധങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവ വാങ്ങാനായി വിദേശഫണ്ട് സ്വരൂപിച്ചിരുന്നു. ഇതേ സമയത്താണ് അല്‍-ഉമയിലെ മൂന്നു പേരെ തമിഴ്നാട് ക്യൂബ്രാഞ്ച് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിലെ ഹിന്ദുമുന്നണി പ്രവര്ത്തകന് സുരേഷ് കുമാര്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന തമിഴ്നാട് പോലീസ് സേനയെ ഭയപ്പെടുത്താനാണ് എസ്ഐയെ കൊലപ്പെടുത്തിയതെന്നാണ് ഇയാള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. മെഹബൂബ് പാഷയ്ക്ക് ഐഎസ് ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ബന്നാര്‍ഘട്ട റോഡില്‍ അല്‍-ഹിന്ദ് ട്രസ്റ്റിന്റെ മറവിലായിരുന്നു അല്‍-ഉമയുടെ പ്രവര്‍ത്തനം. മുംബൈയിലെ ആയുധവ്യാപാരികളുമായി മെഹബൂബ് പാഷയ്ക്കും മൊയ്ദീന് ഖാജയ്ക്കും അടുത്തബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: