തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് തമിഴ്നാട് പോലീസിന്റെ ക്യൂബ്രാഞ്ച് റിപ്പോര്‍ട്ട്. കളിയിക്കാവിളയിലെ എസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളിലും തുടര്‍ ആക്രമണങ്ങള്‍ ഉണ്ടാകാമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതീവ ജാഗ്രതയിലാണ് പോലീസ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഭീഷണി നേരിടുന്ന മതനേതാക്കളുടെയും രാഷ്ട്രീയ നേതാക്കളുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലീസ് നീക്കം തുടങ്ങി. ആഭ്യന്തര സുരക്ഷാ വിഭാഗമായ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീമും(ഐഎസ്ഐടി) ഇതു സ്ഥിരീകരിക്കും വിധമുള്ള മുന്നറിയിപ്പ് കൈമാറിയിട്ടുണ്ട്.
ഇസ്ലാമിക ഭീകരര്‍ ദല്‍ഹിയിലും ബെംഗളൂരുവിലും പിടിയിലായ സമയത്തുതന്നെയായിരുന്നു കളിയിക്കാവിളയിലെ കൊലപാതകവും. കേസിലെ മുഖ്യ സൂത്രധാരന്‍ മെഹബൂബ് പാഷ അടക്കമുള്ള പ്രതികള്‍ കഴിഞ്ഞ ദിവസം പിടിയിലായ സാഹചര്യത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്ന ഭീകരവാദ സംഘടനയിലെ മറ്റ് അംഗങ്ങള്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദക്ഷിണേന്ത്യയിലാകെ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്.
ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയും വര്‍ധിപ്പിച്ചു. കളിയിക്കാവിള കൊലപാതകത്തില്‍ തമിഴ്നാടും കേരളവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിപ്പിച്ചു കഴിഞ്ഞു. നിരോധിത സംഘടനയായ അല്‍ ഉമയുടെ സജീവ പ്രവര്‍ത്തകരാണ് പിടിയിലായവര്‍. സംഘടന നിരോധിച്ചപ്പോള്‍ ‘ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്നാട്)’ എന്ന പേരില്‍ പുതിയ സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുകയായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അബ്ദുള്‍ ഷമീമിനെയും തൗഫീക്കിനെയും വിട്ടുകിട്ടാന്‍ കന്യാകുമാരി ജില്ലാ പോലീസ് അപേക്ഷ നല്കി. അപേക്ഷ കോടതി നാളെ പരിഗണിക്കും.
എന്‍ഐഎ പിന്നാലെകളിയിക്കാവിള എസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം എന്‍ഐഎ ഔദ്യോഗികമായി ഏറ്റെടുത്തില്ലെങ്കിലും അന്വേഷണത്തിന് പിന്നാലെയാണ്. നിലവില്‍ പോലീസിന്റെ അന്വേഷണത്തില്‍ തന്നെ കേസ് മുന്നോട്ടു പോകട്ടെയെന്നാണ് തീരുമാനം. പോലീസിന് ആവശ്യമായ സഹായങ്ങളും നിര്‍ദേശങ്ങളും എന്‍ഐഎ നല്കുന്നു. തമിഴ്നാട് ക്യൂബ്രാഞ്ച് ചോദ്യം ചെയ്യുന്നവരെ എന്‍ഐഎയും ചോദ്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: